ലോകകപ്പിലെ തുടര്‍ച്ചയായ ആറാം തോൽവി ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഇന്നലെ പാക്കിസ്ഥാനോടേറ്റ പരാജയത്തോടെ സെമി കാണാതെ പുറത്താകുകയായിരുന്നു. മികച്ച വിക്കറ്റായിരുന്നു ഇന്നലെ ഈഡന് ഗാര്‍ഡന്‍സിലേതെന്നും തുടക്കത്തിൽ വിക്കറ്റുകള്‍ നഷ്ടമായതും ആവശ്യത്തിന് റൺസ് ഇല്ലാതെ പോയതുമാണ് തിരിച്ചടിയായതെന്നാണ് ബംഗ്ലാദേശ് നായകന് ഷാക്കിബ് അൽ ഹസന് മത്സരശേഷം പ്രതികരിച്ചത്.
ബംഗ്ലാദേശ് ബാറ്റിംഗ് നിരാശകരമായിരുന്നുവെന്നും കൂട്ടുകെട്ടുകള്‍ ഉണ്ടായെങ്കിലും വലിയൊരു കൂട്ടുകെട്ട് ഉണ്ടാകാതിരുന്നത് തിരിച്ചടിയായി എന്നും ഷാക്കിബ് വ്യക്തമാക്കി. ടോപ് 4 ബാറ്റ്സ്മാന്മാര് റൺസ് കണ്ടെത്താതതാണ് പ്രശ്നമെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.
ഈ ഘട്ടത്തിൽ വലിയ മാറ്റങ്ങള്‍ നടത്തുക എന്നത് പ്രയാസകരമാണെന്നും മുന്നോട്ട് പോസിറ്റീവായി പോകുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളതെന്നും അടുത്ത രണ്ട് മത്സരങ്ങള്‍ ജയിക്കുവാനായി ടീം ശ്രമിക്കേണ്ടതുണ്ടെന്നും പറഞ്ഞ ഷാക്കിബ് തങ്ങളെ പിന്തുണച്ച ആരാധകര്‍ക്ക് സന്തോഷിക്കുവാനായി അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് എന്തെങ്കിലും നൽകണമെന്നും വ്യക്തമാക്കി.