ഇന്ന് ലോകകപ്പിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം. കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും വിജയിച്ചു എങ്കിലും ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മെച്ചപ്പെട്ട റൺ റേറ്റ് ഉള്ള ദക്ഷിണാഫ്രിക്ക ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ദക്ഷിണാഫ്രിക്ക ഇന്ത്യയെക്കാൾ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്.
സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ച ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയാകും ഇന്നത്തെ മത്സരം. അവർ ഇപ്പോൾ അഞ്ചു മത്സരങ്ങളിൽ നിന്ന് ആകെ ഒരു വിജയം മാത്രമായി 9ആം സ്ഥാനത്ത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയോടും വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യ അവസാനം 2003 ലോകകപ്പിലാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. അതിനു ശേഷം ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ ആയിട്ടില്ല. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.
ഇന്ത്യ ഇന്ന് മത്സരം ലഖ്നൗവിൽ ആയത് കൊണ്ട് സ്പിന്നിൽ വിശ്വസിക്കാൻ ആകും സാധ്യത. അശ്വിൻ ടീമിലേക്ക് മടങ്ങിയെത്തും. പകരം സിറാജോ ഷമിയോ പുറത്തേക്ക് പോകു. സൂര്യകുമാർ ആദ്യ ഇലവനിൽ തുടരാൻ ആണ് സാധ്യത.