ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ ഇന്റർ മിലാന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആർബി സാൽസ്ബെർഗിനെയാണ് അവർ മറികടന്നത്. സാഞ്ചസ്, ചൽഹനൊഗ്ലു എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ സാൽസ്ബർഗിന് വേണ്ടി ഓസ്കാർ ഗ്ലോഖ് ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാനും ഇന്ററിനായി.
ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളെ തെല്ലും ഭയക്കാതെയാണ് സാൽസ്ബർഗ് തുടക്കം മുതൽ പന്ത് തട്ടിയത്. എന്നാൽ കൃത്യമായി ആധിപത്യം സ്ഥാപിച്ച് തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ററിനായി. നാലാം മിനിറ്റിൽ തന്നെ ഗ്ലോഖിന്റെ ഷോട്ട് സോമ്മർ കൈക്കലാക്കി. ചൽഹനൊഗ്ലുവിന്റെ പാസിൽ നിന്നും മർട്ടിനസിന്റെ ശ്രമവും പാഴായി. 19ആം മിനിറ്റിൽ ഇന്റർ ലീഡ് എടുത്തു. ബോക്സിനുള്ളിലേക്ക് ഫ്രറ്റെസി നൽകിയ ബോൾ മാർട്ടിനസിന് നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിലും ഓടിയെത്തിയ അലക്‌സി സാഞ്ചസ് വല കുലുക്കി. പിന്നീട് ചൽഹനൊഗ്ലുവിന്റെയും ഓഗുസ്റ്റോയുടെയും ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. പവാർഡിന്റെ ഹെഡർ പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയിൽ സാൽസ്ബെർഗ് സമനില ഗോളിനായി നീക്കം ആരംഭിച്ചു. ഡെഡിച്ചിന്റെ ഒരു ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചപ്പോൾ മറ്റൊരു ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്നു. 57ആം മിനിറ്റിൽ അവർ സമനില കണ്ടെത്തി. ഓസ്കാർ ഗ്ലുഖ് തന്നെയാണ് ഗോൾ കണ്ടെത്തിയത്. പിറകെ ബോക്സിനുള്ളിൽ നിന്നും താരത്തിന്റെ മറ്റൊരു ഷോട്ട് സോമ്മർ തടുത്തു. 64ആം മിനിറ്റിൽ ഇന്റർ ലീഡ് വീണ്ടെടുത്തു. ഫ്രറ്റെസിയെ ബോസ്‌കിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചപ്പോൾ ഷോട്ട് എടുത്ത ചൽഹനൊഗ്ലുവിന് ഒട്ടും പിഴച്ചില്ല. ഡാർമിയന്റെ ക്രോസിൽ നിന്നും ഓഗുസ്റ്റോയുടെ ഹെഡർ കീപ്പർ തടഞ്ഞു. 81ആം മിനിറ്റിൽ ഫ്രറ്റെസിയുടെ പാസിൽ നിന്നും ബോസ്‌കിനുള്ളിൽ നിന്നും തകർപ്പൻ ഫിനിഷിങ്ങുമായി ലൗടാരോ മർട്ടിനസ് വല കുലുക്കിയെങ്കിലും ഫ്രറ്റെസി ഓഫ്സൈഡ് ആയതായി വാർ വിധിച്ചതോടെ ഗോൾ അനുവദിച്ചില്ല. പിന്നീടും ഇരു ഭാഗത്തും ഗോൾ വീഴാതെ നിന്നതോടെ മത്സരം ഇന്റർ സ്വന്തമാക്കി.