എഎഫ്സി കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ബഷുന്ധര കിങ്സിനോട് സമനില വഴങ്ങി മോഹൻ ബഗാൻ. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിയുകയായിരുന്നു. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഏഴ് പോയിന്റുമായി ബഗാൻ തന്നെയാണ് ഒന്നാമത്. ഒഡീഷയെ മറികടന്ന് ബഷുന്ധര രണ്ടാം സ്ഥാനത്തേക്ക് കയറി.
ബഗാന് തന്നെ ആയിരുന്നു തുടക്കത്തിൽ മുൻതൂക്കം. വിവാദമായ തീരുമാനത്തിൽ ലിസ്റ്റൻ കോളാസോയുടെ ഗോൾ റഫറി ഓഫ്സൈഡ് വിധിച്ചത് ആതിഥേയർക്ക് തിരിച്ചടി ആയി. 29ആം മിനിറ്റിൽ ബഗാൻ ലീഡ് എടുത്തു. വലത് വിങ്ങിൽ നിന്നും ഹ്യൂഗോ ബൊമസ് ബോക്സിലേക്ക് നൽകിയ പന്ത് കമ്മിൻസ് പോസിറ്റിന് മുന്നിൽ പെട്രാറ്റോസിന് മറിച്ചു നൽകിയപ്പോൾ താരം ഫസ്റ്റ് ടൈം ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. 33 ആം ക്യാപ്റ്റൻ റൊബീഞ്ഞോയുടെ തകർപ്പൻ ത്രൂ ബോൾ പിടിച്ചെടുത്തു കുതിച്ച് ഡോറി ബോക്സിനുള്ളിൽ നിന്നും ലക്ഷ്യം കണ്ട് ബഷുന്ധരകിങ്സിന് സമനില നൽകി. പിറകെ റൊബീഞ്ഞോയുടെ ലോങ് റേഞ്ചർ പോസിറ്റിലിടിച്ചു തെറിച്ചു. ഇടവേളക്ക് മുൻപായി ആശിഷ് റായ്ക്ക് കിട്ടിയ അവസരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.
രണ്ടാം പകുതിയിൽ ബഷുന്ധര കൂടുതൽ ഒത്തിണക്കം കാണിച്ചു. ഇതോടെ താളം കണ്ടെത്താൻ ബഗാൻ ബുദ്ധിമുട്ടി. പ്രതിരോധത്തെ മറികടന്ന് ഡോരി തൊടുത്ത ഷോട്ട് ബഗാൻ കീപ്പർ വിശാൽ ഖേയ്തിനേയും കീഴടക്കി എങ്കിലും പൊസിറ്റിലിടിച്ചു മടങ്ങി. 54ആം മിനിറ്റിൽ ബഗാൻ ലീഡ് തിരിച്ചു പിടിച്ചു. ബഷുന്ധര താരങ്ങളുടെ പിഴവിൽ നിന്നും എതിർ ബോക്സിന് പുറത്തു നിന്നും നേടിയ പന്ത് പെട്രാറ്റോസ് ബോസ്കിലേക്ക് നീട്ടി നൽകിയപ്പോൾ അവസരം കാത്തിരുന്ന ആശിഷ് റായ് മികച്ചൊരു ഫിനിഷിങിലൂടെ പന്ത് വലയിൽ എത്തിച്ചു. 70ആം മിനിറ്റിൽ ബഗാൻ വീണ്ടും ഗോൾ വഴങ്ങി. ആശിഷ് റായുടെ ഫൗൾ പെനാൽറ്റിയിലേക്ക് വഴി തുറക്കുകയായിരുന്നു. കിക്ക് എടുത്ത റോബിഞ്ഞോ അനായാസം ലക്ഷ്യം കണ്ടു. പിന്നീടും ഇരു ടീമുകൾക്കും അവസരം ലഭിച്ചെങ്കിലും വിജയ ഗോൾ മാത്രം അകന്ന് നിന്നു. ഇതോടെ ബഗാൻ ഗ്രൂപ്പിലെ ആദ്യ സമനില വഴങ്ങി.