മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചോ ജനുവരിയിൽ ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പായി. യുവന്റസ് ആണ് സാഞ്ചോയെ സ്വന്തമാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. യുവന്റസ് സാഞ്ചോയെ ലോണിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബാഴ്സലോണ സാഞ്ചോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ജനുവരിയിൽ അതിന് സാധ്യതയില്ല. ഇപ്പോൾ യുവന്റസ് മാത്രമാണ് സാഞ്ചോയ്ക്ക് ആയി ശ്രമിക്കുന്നത്.
സാഞ്ചോയും പരിശീലകൻ ടെൻ ഹാഗും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതോടെ താരത്തെ ഒഴിവാക്കാൻ തന്നെയാണ് ക്ലബ് ശ്രമിക്കുന്നത്. സാഞ്ചോ പരിശീലകന് എതിരെ പരസ്യമായി രംഗത്ത് വന്നതിനു ശേഷം ഇതുവരെ ക്ലബിനായി കളിച്ചിട്ടില്ല. ജനുവരിയിൽ താരത്തെ ലോണിൽ അയച്ച് സമ്മറോടെ വിൽക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക.
രണ്ട് വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വലിയ പ്രതീക്ഷയോടെ ആയിരുന്നു സാഞ്ചോ എത്തിയത്. എന്നാൽ സാഞ്ചോക്ക് യുണൈറ്റഡിൽ പ്രതീക്ഷക്ക് ഒപ്പം ഉയരാൻ ആയില്ല. അതിന് പിന്നാലെയാണ് മാനേജറുമായി പ്രശ്നമായതും. സാഞ്ചോ പരസ്യമായി മാപ്പു പറയാൻ തയ്യാറാകാത്തതോടെ ആണ് ഈ പ്രശ്നം പരിഹാരമില്ലാതെ നീളാൻ തുടങ്ങിയത്.
85 മില്യൺ യൂറോക്ക് ആണ് യുണൈറ്റഡ് 2 വർഷം മുമ്പ് ഡോർട്മുണ്ടിൽ നിന്ന് സാഞ്ചോയെ ടീമിലേക്ക് എത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് 2026വരെയുള്ള കരാർ ഉണ്ട്. 23കാരനായ സാഞ്ചോ 2017 മുതൽ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സാഞ്ചോയെ ഡോർട്മുണ്ടിന് വിറ്റത്. വാറ്റ്ഫോർഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഞ്ചോ.