ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് എതിരെ സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇന്ന് ആക്രമിച്ചു കളിച്ചത് എല്ലാം കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും അവസരം മുതലെടുക്കാൻ ആകാതെ പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഇന്ന് നോർത്ത് ഈസ്റ്റ് ആയിരുന്നു ഗോളടി തുടങ്ങിയത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ജിതിൻ എം എസിന്റെ പാസിൽ നിന്ന് നെസ്റ്റർ ആണ് ഗോൾ നേടിയത്.
ഈ ഗോളിന് ശേഷം തീർത്തും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമായിരുന്നു. ദിമിയുടെ ഒരു ക്രോസിൽ നിന്ന് പെപ്രയ്ക്ക് ഒരു സുവർണ്ണവസരം വന്നെങ്കിലും ഗോൾ പിറന്നില്ല. ഇതിനു പിന്നാലെ ഡെയ്സുകെയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങി. 19ആം മിനുട്ടിൽ നവോചയുടെ ഷോട്ടും പോസ്റ്റിൽ തട്ടി പുറത്ത് പോയി.
ഇതിനിടയിൽ പെപ്രയ്ക്ക് എതിരായ ഒരു ഫൗളിനായി കേരള ബ്ലാസ്റ്റേഴ്സ് പെനാൾട്ടിക്ക് അപ്പീൽ ചെയ്തു എങ്കിലും അനുകൂല വിധി ഉണ്ടായില്ല. റീപ്ലേയിൽ അത് ക്ലിയർ പെനാൾട്ടി ആണെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതി 1-0 എന്ന് അവസാനിച്ചു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. ലൂണയുടെ ഒരു ഫ്രീകിക്കിൽ നിന്ന് ഡാനിഷ് ഫറൂഖ് ഒരു ഹെഡറിലൂടെ സമനില കണ്ടെത്തുക ആയിരുന്നു. ഇതിനു ശേഷം വിജയഗോളിനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു. നിരവധി മാറ്റങ്ങൾ ബ്ലാസറ്റേഴ്സ് നടത്തി. പക്ഷെ വിജയ ഗോൾ വന്നില്ല.
ഈ സമനിലയയോടെ 7 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് നിൽക്കുകയാണ്. നോർത്ത് ഈസ്റ്റ് 5 പോയിന്റുമായി 5ആം സ്ഥാനത്തും നിൽക്കുന്നു