വിരാട് കോഹ്ലിയെ സെഞ്ച്വറി നേടുന്നതിൽ നിന്ന് തടയാൻ വേണ്ടി ബംഗ്ലാദേശ് സ്പിന്നർ നസും അഹമ്മദ് മനഃപൂർവം വൈഡ് എറിഞ്ഞത് ആണെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ്. ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരിക്കെ ആയിരുന്നു നസും ഒരു ‘വൈഡ്’ ബൗൾ ചെയ്തത്. അപ്പോൾ കോഹ്ലിക്ക് സെഞ്ച്വറി നേടാൻ 3 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. എങ്കിലും ആ പന്ത് അമ്പയർ വൈഡ് വിളിച്ചിരുന്നില്ല.
“അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുന്നത് അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. സ്ട്രൈക്ക് നിലനിർത്താൻ അവസാന പന്തിൽ സിംഗിൾസ് എടുത്തു. അതും അവന്റെ മിടുക്ക് കാണിക്കുന്നു. അപ്പോഴാണ് ഒരു വൈഡ് ബോധപൂർവം ബൗൾ ചെയ്തത്. സെഞ്ച്വറി നേടാതിരിക്കാനുള്ള ബൗളറുടെ പദ്ധതിയായിരുന്നു അത്. എങ്ങനെയാണ് ഒരു സ്പിന്നർക്ക് വൈഡ് ബൗൾ ചെയ്യാൻ കഴിയുക,” കൈഫ് കൂട്ടിച്ചേർത്തു.
“എനിക്ക് ജീവിതത്തിലുടനീളം ഈ സെഞ്ച്വറി മറക്കാൻ കഴിയില്ല, കാരണം അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ വിജയിക്കാൻ 169 റൺസ് വേണ്ടിയിരുന്നു. വളരെയധികം റൺസ് അവശേഷിച്ചില്ല, പക്ഷേ അദ്ദേഹം വന്ന് പുറത്താകാതെ 103 റൺസ് നേടി, ”കൈഫ് പറഞ്ഞു.