ലോകകകപ്പിലെ തുടര്‍ച്ചയായ നാലാം ജയം നേടി ഇന്ത്യ. ന്യൂസിലാണ്ടിനൊപ്പം 8 പോയിന്റ് നേടിയ ഇന്ത്യ പക്ഷേ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 256/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 261 റൺസ് നേടി വിജയം കൈവരിച്ചത്.
രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയ്ക്ക് 88 റൺസിന്റെ മികച്ച തുടക്കമാണ് നൽകിയത്. രോഹിത് 48 റൺസ് നേടിയ ശേഷം പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റിൽ ഗില്ലും കോഹ്‍ലിയും ചേര്‍ന്ന് 44 റൺസ് കൂട്ടിചേര്‍ത്തു. 53 റൺസ് നേടിയ ശേഷമാണ് ഗില്ലിന്റെ മടക്കം. പിന്നീട് വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
കോഹ്‍ലി 97 പന്തിൽ 103 റൺസുമായി പുറത്താകാതെ നിന്നാണ് ഇന്ത്യയെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. കെഎൽ രാഹുല്‍ 34 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 83 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസന്‍ മിറാസ് 2 വിക്കറ്റ് നേടി.