ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ 256 റൺസ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. പൂനെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. തന്‍സിദ് ഹസന്‍ – ലിറ്റൺ ദാസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 93 റൺസ് നേടിയപ്പോള്‍ 51 റൺസ് നേടിയ തന്‍സിദ് ആണ് ആദ്യ പുറത്തായത്.
പിന്നീട് ബംഗ്ലാദേശിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 66 റൺസ് നേടിയ ലിറ്റൺ ദാസിനെ നഷ്ടമായപ്പോള്‍ ടീം 137/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കുര്‍ റഹിം തൗഹിദ് ഹൃദോയ് കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും തൗഹിദ് 16 റൺസ് നേടി പുറത്തായി. 179 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.
38 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമും പുറത്തായപ്പോള്‍ ബംഗ്ലാദേശിന് കാര്യം പ്രയാസമായി. എന്നാൽ മഹമ്മുദുള്ളയുടെ ബാറ്റിംഗ് മികവ് ടീമിനെ 256 റൺസിലേക്ക് എത്തിച്ചു. 46 റൺസാണ് മഹമ്മുദുള്ള നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.