സന്തോഷ് ട്രോഫിയിൽ രണ്ടാം മത്സരത്തിലും കേരളത്തിന് ഗംഭീര വിജയം. ഗോവയിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജമ്മു കാശ്മീരിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് കേരളം തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു.
മത്സരം ആരംഭിച്ച് 8 മിനുട്ടുകൾക്ക് അകം കേരളം ഇന്ന് ലീഡ് എടുത്തു. ജിതിൻ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത് മികച്ച ഷോട്ടിൽ നിന്നായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. 13ആം മിനുട്ടിൽ സജീഷിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ഒരു നല്ല ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു സജീഷിന്റെ ഫിനിഷ്.
ആദ്യ പകുതിയുടെ അവസാനം ഒരു ത്രൂ ബോൾ സ്വീകരിച്ച് ആഷിഖ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി. ആദ്യ പകുതി 3-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളം ജിതിനിലൂടെ നാലാം ഗോളും നേടി. 60ആം മിനുട്ടിൽ ഫൈസലിലൂടെ ജമ്മു കാശ്മീർ ഒരു ഗോൾ മടക്കി എങ്കിലും അത് അവരുടെ ആശ്വാസ ഗോളായി മാത്രം മാറി.
66ആം മിനുട്ടിൽ അബ്ദു റഹീമിന്റെ ഗോൾ കേരളത്തിന്റെ സ്കോർ അഞ്ചാക്കി ഉയർത്തി. 74ആം മിനുട്ടിൽ റിസുവാൻ അലിയും കേരളത്തിന്റെ സ്കോർ ഷീറ്റിൽ കയറി. 6-1
രണ്ട് മത്സരം കഴിഞ്ഞപ്പോൾ കേരളത്തിന് 6 പോയിന്റാണ് ഉള്ളത്. ഇനി ഒക്ടോബർ 15ന് ഛത്തീസ്ഗഡഡിനെ ആകും കേരളം നേരിടുക.