ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഇന്നലെ ഇന്ത്യക്ക് എതിരെ ഒരു വിക്കയ് നേടിയതോടെ ഐസിസി ലോകകപ്പിൽ 50 വിക്കറ്റ് തികച്ചു. വെറും 941 പന്തുകൾ എറിയുന്നതിനിടയിൽ ആണ് സ്റ്റാർക്ക് തന്റെ 50 ലോകകപ്പ് വിക്കറ്റുകൾ നേടിയത്. എടുത്ത പന്തുകളുടെ കാര്യത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് എന്ന നാഴികക്കല്ലിലെത്തിയ താരമായി സ്റ്റാർക് മാറി. 1187 പന്തിൽ നാഴികക്കല്ലിലെത്തിയ മലിംഗയാണ് ഈ റെക്കോർഡിൽ ഏറ്റവും മികച്ച രണ്ടാമത്തെ താരം.
ലോകകപ്പിൽ 50 വിക്കറ്റ് എടുക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ ബൗളർ ആണ് സ്റ്റാർക്ക്. ഇന്നലെ ഇഷാൻ കിഷനെ ആയിരുന്നു സ്റ്റാർക് പുറത്താക്കിയത്. 19 ഡബ്ല്യുസി ഗെയിമുകളിൽ, 15.14 ശരാശരിയിൽ ആണ് 50 വിക്കറ്റുകൾ നേടിയത്. ടൂർണമെന്റിന്റെ 2019 പതിപ്പിൽ 10 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് സ്റ്റാർക്കിന്റെ 27 വിക്കറ്റുകൾ എന്ന നേട്ടവും ഒരു റെക്കോർഡാണ്. ടൂർണമെന്റിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം എന്ന റെക്കോർഡ് സ്റ്റാർക്ക് അന്ന് സ്വന്തമാക്കി. 2015ൽ 22 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത് ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത് ആണ് 39 മത്സരങ്ങളിൽ 71 വിക്കറ്റ് അദ്ദേഹം നേടിയിട്ടുണ്ട്.