ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ പാകിസ്താനെ തോൽപ്പിച്ചു. 14 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഓസ്ട്രേലിയ ഉയർത്തിയ 352 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 337 റൺസിൽ ഓളൗട്ട് ആവുക ആയിരുന്നു. 59 പന്തിൽ നിന്ന് 90 റൺസ് അടിച്ച ബാബർ അസമിന്റെ ഇന്നിങ്സ് പാകിസ്താന് പ്രതീക്ഷ നൽകി എങ്കിലും അദ്ദേഹം റിട്ടയർ ചെയ്തത് പാകിസ്താന് തിരിച്ചടിയായി.
2 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു ബാബർ അസമിന്റെ ഇന്നിംഗ്സ്. 83 റൺസ് എടുത്ത ഇഫ്തിഖർ അഹമ്മദ്, 50 റൺസ് എടുത്ത മുഹമ്മദ് നവാസ് എന്നിവരും പാകിസ്താനായി ബാറ്റു കൊണ്ട് തിളങ്ങി. എങ്കിലും അവർക്ക് ലക്ഷ്യത്തിലേക്ക് എത്താൻ ആയില്ല.
ഓസ്ട്രേലിയക്ക് ആയി ലബുഷാനെ 3 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത് 50 ഓവറിൽ 351/7 എന്ന മികച്ച സ്കോർ നേടി. 71 പന്തിൽ നിന്ന് 77 റൺസ് മാക്സ്വെൽ ടോപ് സ്കോറർ ആയി. 6 സിക്സും 5 ഫോറും മാക്സ്വെൽ നേടി. മാക്സ്വെൽ ബാറ്റു കൊണ്ട് കൂടെ ഫോമിൽ എത്തിയത് ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഊർജ്ജമാകും.
30 പന്തിൽ 48 റൺസ് എടുത്ത് ജോഷ് ഇംഗിലിഷ്, 40 പന്തിൽ 50 റൺസ് എടുത്ത ഗ്രീൻ, 33 പന്തിൽ 48 റൺസ് എടുത്ത വാർണർ, 31 പന്തിൽ നിന്ന് 40 എടുത്ത ലബുഷാനെ എന്നിവരും ഓസ്ട്രേലിയക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങി. 31 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്ത ഉസാമ മിർ മാത്രമാണ് പാകിസ്താനായി ബൗൾ കൊണ്ട് തിളങ്ങിയത്. ഹാരിസ് റൗഫ് 9 ഓവറിൽ 97 റൺസ് ആണ് വഴങ്ങിയത്.