ലോകകപ്പിന് ശേഷം താൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് അഫ്ഗാനിസ്ഥാൻ പേസർ നവീൻ-ഉൾ-ഹഖ് ബുധനാഴ്ച പ്രഖ്യാപിച്ചു. രണ്ട് വർഷത്തിന് ശേഷം ലോകകപ്പിലൂടെയാണ് നവീൻ ഉൾ ഹഖ് അഫ്ഗാനിസ്ഥാന്റെ ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. ആകെ ഏഴ് ഏകദിനങ്ങളിൽ മാത്രമെ താരം അഫ്ഗാനായി കളിച്ചിട്ടുള്ളൂ. 25.42 ശരാശരിയിൽ 14 വിക്കറ്റുകൾ അദ്ദേഹം നേടി. 2021 ജനുവരിയിലാണ് അദ്ദേഹം അവസാനമായി ഏകദിനത്തിൽ കളിച്ചത്.
“എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു പരമമായ ബഹുമതിയാണ്, ഈ ലോകകപ്പിന്റെ അവസാനം ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു, ടി20 ക്രിക്കറ്റിൽ എന്റെ രാജ്യത്തിനായി ഈ നീല ജേഴ്‌സി ധരിക്കുന്നത് തുടരും,” നവീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
“ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, എന്നാൽ എന്റെ കളിജീവിതം നീട്ടാൻ ഈ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. എല്ലാ ആരാധകരും അവരുടെ പിന്തുണയ്ക്കും അചഞ്ചലമായ സ്നേഹത്തിനും നന്ദി പറയുന്നു.” നവീൻ കുറിച്ചു