കേരള ഫുട്‌ബോള്‍ അസോസിയേഷൻ കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രോജക്റ്റ് പ്രഖ്യാപിച്ചു

Newsroom

Picsart 23 09 23 19 18 45 046
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: കേരളത്തിലെ ഫുട്‌ബോളിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് എന്ന പേരില്‍ പുതിയ സംരംഭം പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിഷന്‍ 2047ന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ, കേരളത്തിലെ 14 ജില്ലകളെയും ക്ലബ്ബുകളെയും അക്കാദമികളെയും ഉള്‍പ്പെടുത്തി 2023 നവംബര്‍ ഒന്ന് മുതല്‍ തുടര്‍ച്ചയായ മത്സരങ്ങളാണ് ലക്ഷ്യമിടുന്നത്.

കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായുള്ള ചാക്കോള ഗോള്‍ഡ് ട്രോഫി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ദത്തുക്ക് സെരി വിന്‍സര്‍ ജോണ്‍ പ്രകാശനം ചെയ്തപ്പോൾ
കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായുള്ള ചാക്കോള ഗോള്‍ഡ് ട്രോഫി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ദത്തുക്ക് സെരി വിന്‍സര്‍ ജോണ്‍ പ്രകാശനം ചെയ്തപ്പോൾ

ചെറിയ കുട്ടികള്‍ മുതല്‍ യുവകളിക്കാരിലേക്ക് വരെ ഫുട്‌ബോള്‍ കളിയുടെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തി 2500ല്‍പരം മത്സരങ്ങള്‍ കേരള യൂത്ത് ഡെവലപ്‌മെന്റ പ്രൊജക്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഏകദേശം നൂറിലേറെ ക്ലബ്ബുകളും അക്കാദമികളും പദ്ധതിയുടെ ഭാഗമാവും. 13 വയസ് മുതല്‍ 19 വയസ് വരെയുള്ള കളിക്കാര്‍ക്ക് വേണ്ടി നിരന്തരമായ മത്സരങ്ങള്‍ നടത്തുന്നത് ഓരോ പ്രായ വിഭാഗത്തിലും മികച്ച കളിക്കാരെ കണ്ടെത്തുന്നതിന് വഴിയൊരുക്കും. ഈ താരങ്ങള്‍ക്ക് മികച്ച രീതിയില്‍ നടത്തുന്ന അക്കാദമികളുടെ സഹായത്തോടെ നാല് റസിഡന്‍ഷ്യല്‍ അക്കാദമി പ്രോജക്ടുകളിലായി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിശീലനവും നല്‍കും. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്ന കളിക്കാരില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ഐ ലീഗ്, ഐഎസ്എല്‍ ക്ലബ്ബുകളിലും, മറ്റു വിദേശ ക്ലബ്ബുകളിലും കളിക്കാന്‍ അവസരം ഉണ്ടാക്കുകയെന്ന ഉദ്ദേശലക്ഷ്യവും കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രൊജക്റ്റിനുണ്ട്. നിരന്തര മത്സര പരിചയം ദേശീയ മത്സരത്തിന് ഓരോ പ്രായത്തിലും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള കേരള ടീമിന്റെ തിരഞ്ഞെടുപ്പ് എളുപ്പമാക്കുമെന്നാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരള ടീമിന്റെ മികച്ച പ്രകടനം ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും.

5 വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുന്നതിന് ബ്ലൂ കബ്‌സ് എന്നപേരില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ബേബി ലീഗ് മത്സരങ്ങള്‍ 14 ജില്ലകളില്‍ നടത്താനും തീരുമാനിച്ചതായി കെ.എഫ്.എ അറിയിച്ചു. ബേബി ലീഗില്‍ 1750ലേറെ മത്സരങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷത്തില്‍ ഒരുകുട്ടിക്ക് 25 മത്സരങ്ങളോളം കളിക്കുവാന്‍ ഇതിലൂടെ അവസരമുണ്ടാവും. ടൂര്‍ണമെന്റ് വിജയികള്‍ക്ക് ചാക്കോള ഗോള്‍ഡ് ട്രോഫി എന്ന പേരിലുള്ള ട്രോഫിയും സമ്മാനിക്കും. നേരത്തെ കേരളത്തില്‍ നിലനിന്നിരുന്ന പ്രശസ്ത ടൂര്‍ണമെന്റിന് നല്‍കിയിരുന്നു ട്രോഫിയായിരുന്നു ഇത്. ഒരു എവര്‍ റോളിങ് ട്രോഫി എന്ന നിലയില്‍ ഇതിനെ നിലനിര്‍ത്തും. ഓരോ കാറ്റഗറിയിലെയും വിജയികള്‍ക്ക് ട്രോഫിയുടെ പകര്‍പ്പ് സ്ഥിരമായി സൂക്ഷിക്കാനാകും.

കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായുള്ള ചാക്കോള ഗോള്‍ഡ് ട്രോഫിയുടെ പ്രദര്‍ശന ഉദ്ഘാടനം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ദത്തുക്ക് സെരി വിന്‍സര്‍ ജോണ്‍ നിര്‍വഹിച്ചു. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ലോഗോയും, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ഷാജി പ്രഭാകരന്‍ പ്രോജക്റ്റിന്റെ ബ്രൗഷറും പ്രകാശനം ചെയ്തു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, അസോസിയേഷന്‍ ട്രഷറര്‍ ഡോ.റെജിനോള്‍ഡ് വര്‍ഗീസ് സ്വാഗതവും, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പി നന്ദിയും പറഞ്ഞു.