മുഹമ്മദ് അയ്‌മൻ ഇവൻ ലക്ഷദ്വീപിന്റെ അഭിമാനം, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പത്താം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ബംഗളൂരു എഫ്.സിയെ തോൽപ്പിച്ചു കണക്ക് തീർത്തു തുടങ്ങുമ്പോൾ അത് ലക്ഷദ്വീപിന് അഭിമാനത്തിന്റെ നിമിഷം ആണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്തിൽ നിന്നു വെറും 70,000 താഴെ ആളുകൾ ഉള്ള ചെറിയ ദ്വീപുകളിൽ നിന്നു ഒരു താരം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നതിന് ആണ് അവർ സാക്ഷിയായത്. സ്വപ്നം പോലെ മുഹമ്മദ് അയ്‌മൻ 19 നമ്പർ ജേഴ്‌സി അണിഞ്ഞു വിങിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഇരട്ട സഹോദരൻ മുഹമ്മദ് അസ്ഹർ തന്റെ അവസരം കാത്ത് പകരക്കാരുടെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു.

അയ്‌മൻ

ഒരു വർഷം മുമ്പ് ഫാൻപോർട്ട് ഇരുവരും ആയി നടത്തിയ അഭിമുഖത്തിന്റെ സമയത്തും കേരള ബ്ലാസ്റ്റേഴ്സ് എന്ന തങ്ങളുടെ സ്വപ്ന ക്ലബിന് ആയി അരങ്ങേറ്റം കുറിക്കുന്ന ഈ നിമിഷത്തെ കുറിച്ചു വാതോരാതെയാണ് ഇരുവരും സംസാരിച്ചത്. ഇന്ന് അയ്‌മൻ അത് യാഥാർത്ഥ്യം ആക്കുമ്പോൾ ബോൾ ബോയ്സ് ആയിട്ടും, താരങ്ങൾക്ക് ഒപ്പം കൈ പിടിച്ചു നടന്നും, ഫൈനലിൽ ഐ.എസ്.എൽ കിരീടം എടുത്തു കൊണ്ട് വന്നവർ ആയിട്ടും ബ്ലാസ്റ്റേഴ്സിന് ഒപ്പം വളർന്ന ഇരുവർക്കും അതൊരു സ്വപ്ന യാഥാർത്ഥ്യം തന്നെയാണ്. 20 വയസ്സിൽ തന്റെ അരങ്ങേറ്റത്തിൽ തന്റെ കഴിവ് എന്താണ് എന്ന സൂചന അയ്‌മൻ മത്സരത്തിൽ എങ്ങും നൽകിയിരുന്നു.

അയ്‌മൻ

79 മത്തെ മിനിറ്റിൽ കളം വിടുമ്പോൾ നിറഞ്ഞ കയ്യടികൾ കൊണ്ടു തന്നെയാണ് മഞ്ഞപ്പട ആരാധകരും താരത്തെ യാത്രയാക്കിയത്. പലപ്പോഴും ബംഗളൂരു താരങ്ങളെ തന്റെ വേഗവും പന്തെടുക്കവും കൊണ്ടു ലക്ഷദ്വീപുകാരൻ പയ്യൻ വെള്ളം കുടിപ്പിച്ചു എന്നത് ആണ് യാഥാർത്ഥ്യം. മികച്ച ഫസ്റ്റ് ടച്ചും പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവും പന്തിന് മേലുള്ള നിയന്ത്രണവും അയ്‌മന്റെ കളിയിൽ എടുത്തു കാണാൻ ആയിരുന്നു. ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ കളിച്ച 29 കാരൻ റയാൻ വില്യംസിനെ അയ്‌മൻ വെള്ളം കുടിപ്പിച്ചു കാഴ്ചയും കാണാൻ ആയി. ഒടുവിൽ വില്യംസ് അയ്‌മനെ ഫൗൾ ചെയ്തു വീഴ്ത്തുക ആയിരുന്നു.

അയ്‌മൻ

കുറച്ചു കൂടി ശാരീരിക ക്ഷമത കൂടി കൈവരിക്കാൻ ആയാൽ അയ്‌മൻ ബ്ലാസ്റ്റേഴ്സിൽ അത്ഭുതം കാണിക്കും എന്നുറപ്പ് നൽകുന്ന അരങ്ങേറ്റം ആണ് ഇന്നുണ്ടായത്. ഉറപ്പായിട്ടും ബ്ലാസ്റ്റേഴ്സിന്റെ ഭാവി പ്രതീക്ഷ തന്നെയാണ് അയ്‌മൻ. മുമ്പ് സംസാരിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിലെ മാതൃക താരമായി സഹൽ അബ്ദുൽ സമദിനെ ആണ് ഇരു സഹോദരങ്ങളും ചൂണ്ടിക്കാട്ടിയത്. സഹൽ ഒഴിച്ചു പോയ ആ വലിയ വിടവ് നികത്താൻ ഉതകുന്ന പ്രതിഭ തനിക്ക്‌ ഉണ്ടെന്നു അയ്‌മൻ തെളിയിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. അധികം വൈകാതെ തന്നെ അസ്ഹറും ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം കുറിക്കുന്നത് കാണും എന്നും പ്രതീക്ഷിക്കുമ്പോൾ തന്നെ ഇരു സഹോദരങ്ങളും ലക്ഷദ്വീപിന്റെ അഭിമാനം ഇതിനകം വാനോളം തന്നെയാണ് ഉയർത്തിയത്.