ഐ എസ് എൽ സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെൽഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ഐ എസ് എൽ പ്ലേ ഓഫിലെ കണക്കു തീർക്കൽ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം.
ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടിൽ ഇരുടീമുകളും കാര്യമായി അവസരങ്ങൾ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങൾ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകി. 25ആം മിനുട്ടിൽ വലതു വിങ്ങിൽ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നൽകി. ഫ്രീകിക്കിലെ ഹെഡർ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല.
33ആം മിനുട്ടിൽ ഡെയ്സുകെ ഒരു ഷോട്ട് തൊടുത്തു എങ്കിലും ഗുർപ്രീത് അത് അനായാസം സേവ് ചെയ്തു. 36ആം മിനുട്ടിൽ റോഷന്റെ ഷോട്ട് സമർത്ഥമായി സച്ചിൻ സേവ് ചെയ്തു. 41ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിനായി പെപ്രയും മികച്ച ഒരു ഷോട്ട് പായിച്ചു. എങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി നിന്നു.
രണ്ടാം പകുതി ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിലാണ് തുടങ്ങിയത്. 51ആം മിനുട്ടിൽ ഐമൻ നടത്തിയ റൺ ബെംഗളൂരു ഡിഫൻസിൽ വിള്ളൽ ഉണ്ടാക്കി. ഐമന്റെ പാസ് സ്വീകരിച്ച് ഒരു നല്ല ടേണിനു ശേഷമുള്ള പെപ്രയുടെ ഷോട്ട് സേവ് ചെയ്യാൻ ഗുർപ്രീത് പണിപ്പെട്ടു.
ഇതിനു പിന്നാലെ കിട്ടിയ കോർണർ കേരള ബസ്റ്റേഴ്സിന് ലീഡ് നൽകി. കോർണർ പ്രതിരോധിക്കാൻ ശ്രമിക്കവെ ബെംഗളൂരു ഡിഫൻഡർ വഴങ്ങിയ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ചത്.
65ആം മിനുട്ടിൽ സച്ചിന്റെ സേവും പിന്നാലെ പ്രബീറിന്റെ ഗോൾ ലൈൻ ക്ലിയറൻസും ബ്ലാസ്റ്റേഴ്സിലെ ലീഡ് നിലനിർത്താൻ സഹായിച്ചു. 69ആം മിനുട്ടിൽ ഗുർപ്രീതിന്റെ അശ്രദ്ധ പ്രസ് ചെയ്ത് മുതലെടുത്ത് ലൂണ ബ്ലാസ്റ്റേസിന്റെ ലീഡ് ഇരട്ടിയാക്കി. ലൂണയുടെ ആത്മാർത്ഥയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു ഈ ഗോൾ. സ്കോർ 2-0.
ബെംഗളൂരു എഫ് സി പിന്നീട് കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു. 89ആം മിനുട്ടിൽ കർടിസ് മെയിനിലൂടെ അവർ ഒരു ഗോൾ മടക്കി. ഇത് ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം നൽകി എങ്കിലും വിജയം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ആദ്യ മത്സരത്തിൽ തന്നെ പ്രധാന വൈരികളെ തോൽപ്പിക്കാൻ ആയത് ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം നൽകും.