ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ; പൊരുതി കീഴടങ്ങി കൊണ്ട് ഇന്ത്യൻ വനിതകൾക്ക് അരങ്ങേറ്റം

Nihal Basheer

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പൊരുതി കീഴടങ്ങി കൊണ്ട് ഇന്ത്യൻ വനിതകൾ. ചൈനീസ് തായ്പെയ്ക്കെതിരെ ആദ്യം ലീഡ് എടുക്കാൻ സാധിച്ചെങ്കിലും അവസാന നിമിഷം ടീം തോൽവി വഴങ്ങുകയായിരുന്നു. അഞ്ജു തമങ് ഇന്ത്യക്ക് വേണ്ടി വല കുലുക്കിയപ്പോൾ ചിൻ ലായും യു-ഹ്സാൻ സുവും തായ്പെയ്ക്ക് വേണ്ടി മറുപടി ഗോളുകൾ കണ്ടെത്തി. തായ്‌ലന്റിനെയാണ് അടുത്ത മത്സരത്തിൽ ഇന്ത്യക്ക് നേരിടാൻ ഉള്ളത്.
20230921 195843
റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ടീമിനെതിരെ ഇന്ത്യ ആക്രമണങ്ങൾ നടത്താൻ മടിച്ചില്ല. എന്നാൽ തുടക്കത്തിലെ ശ്രമങ്ങൾക്ക് ശേഷം പലപ്പൊഴും ഇന്ത്യ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു. 26ആം മിനിറ്റിൽ ഇന്ദുമതിയുടെ പാസിൽ നിന്നും ബാലയുടെ ഷോട്ട് കീപ്പർ കൈക്കലാക്കി. തിരിച്ച് ലാൻ യുവിന്റെ ശ്രമം ഇന്ത്യൻ കീപ്പറും തടഞ്ഞു. ബാലയുടെ മറ്റൊരു ഷോട്ട് പോസ്റ്റിൽ കൊണ്ട് മടങ്ങിയപ്പോൾ അഞ്ജു വീണ്ടും ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച ഉടനെ ഇന്ത്യ വല കുലുക്കി. സൂപ്പർ താരം മനീഷ കല്യാണിന്റെ തകർപ്പൻ ഒരു ഷോട്ട് എതിർ പ്രതിരോധം തടഞ്ഞപ്പോൾ വീണു കിട്ടിയ അവസരം അഞ്ജു തമങ് മുതലെടുക്കുകയായിരുന്നു. മനീഷ ചെറുതല്ലാത്ത തലവേദനയാണ് മത്സരത്തിൽ ഉടനീളം തായ്പെയ് പ്രതിരോധത്തിന് നല്കിയത്. 69ആം മിനിറ്റിൽ ലായ് ചിൻ-ലായുടെ ലോങ് റേഞ്ചറിലൂടെ തായ്പെയ് സമനില ഗോൾ കണ്ടെത്തി. ഒടുവിൽ 84ആം മിനിറ്റിൽ തായ്പെയ് വിജയ ഗോളും കണ്ടെത്തി. യു-ഹ്സാൻ സു ആണ് ഇത്തവണ വല കുലുക്കിയത്. ,