ജർമ്മനിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് നാണം കെട്ടു. ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങി. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ബയേണിന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ഈ സീസണിൽ 6 മത്സരങ്ങൾക്ക് ഇടയിലെ നാലാം പരാജയമാണ്.
ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല രീതിയിൽ തുടങ്ങാൻ ആയെങ്കിലും ആ തുടക്കം ഏറെ സമയം ഉണ്ടായില്ല. 28ആം മിനുട്ടിൽ ഹാരി കെയ്നിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ലെറോയ് സാനെ ഗോൾ നേടി ബയേണെ മുന്നിൽ എത്തിച്ചു. അനായാസം സേവ് ചെയ്യാമായുരുന്ന സാനെയുടെ ഷോട്ട് ഒനാനയുടെ ഒരു പിഴവിൽ നിന്നാണ് ഗോളായി മാറിയത്.
ഈ ഗോൾ വന്ന് രണ്ട് മിനുട്ടുകൾക്ക് അകം ബയേൺ ലീഡ് ഇരട്ടിയാക്കി. മുസിയാലയുടെ പാസിൽ നിന്ന് ഗ്നാബറിയാണ് ഈ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹൊയ്ലുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു ഗോൾ തിരിച്ചടിച്ചു. സ്കോർ 2-1.
യുണൈറ്റഡ് കളിയിലേക്ക് തിരികെ വരികയാണെന്ന് തോന്നിയ സമയത്ത് ഒരു പെനാൾട്ടി യുണൈറ്റഡിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തു. ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് കെയ്ൻ സ്കോർ 3-1 എന്നാക്കി.
88ആം മിനുട്ടിൽ കസെമിറോയുടെ ഗോളിൽ യുണൈറ്റഡ് 3-2 എന്നാക്കി. പിന്നാലെ മാതിസ് ടെന്നിലൂടെ ബയേൺ നാലാം ഗോൾ നേടി. സ്കോർ 4-2. ഇഞ്ച്വറി ടൈമിൽ ബ്രൂണോയുടെ ഫ്രീകിക്കിൽ നിന്ന് വന്ന കസെമിറോയുടെ ഹെഡർ കളി 4-3 എന്നാക്കി. എങ്കിലും വിജയം ബയേൺ തന്നെ കൊണ്ടുപോയു.