ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇന്നലെ ഏഷ്യാ കപ്പിന്റെ ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ സ്വപ്ന തുല്യമായ ബൗളിംഗ് ആയിരുന്നു നടത്തിയത്. തന്റെ സ്പെൽ മാന്ത്രികമായി തോന്നിയെന്നും ഇത്രയും നന്നായി ബൗൾ ചെയ്യുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും സിറാജ് മത്സര ശേഷം പറഞ്ഞു.
“തന്റെ സ്പെൽ മാന്ത്രികമായിരുന്നു. ഇത്രയും മികച്ച സ്പെൽ എറിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ശ്രീലങ്കയ്ക്കെതിരെ നേരത്തെ തിരുവനന്തപുരത്തും 4 വിക്കറ്റ് വീഴ്ത്തിയിരുന്നു, എന്നാൽ 6 ഓവർ എറിഞ്ഞിട്ടും അഞ്ചാം വിക്കറ്റ് നേടാനായില്ല,” സിറാജ് പറഞ്ഞു.
“ഞാൻ നേരത്തെ തന്നെ സ്വിംഗ് കണ്ടെത്തി, പിന്നീട് വിക്കറ്റിൽ ശക്തമായി പിച്ച് ചെയ്യേണ്ടതില്ല എന്ന് ഞാൻ സ്വയം പറഞ്ഞു. ശരിയായ ഏരിയകളിൽ പന്തെറിഞ്ഞാൽ എനിക്ക് സ്വിംഗ് ലഭിക്കുമെന്ന് ഞാൻ കരുതി, അതാണ് എന്റെ പ്ലാൻ,” സിറാജ് തന്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞു.
ആറാം ഓവറിലെ ദസുൻ ഷനകയുടെ വിക്കറ്റാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും സിറാജ് കൂട്ടിച്ചേർത്തു. “ഇന്നേവരെയുള്ള എന്റെ ഏറ്റവും മികച്ച വിക്കറ്റായിരുന്നു അത്. ഞാൻ ആസൂത്രണം ചെയ്തതുപോലെ തന്നെ അത് സംഭവിച്ചു,” സിറാജ് ദസുൻ ഷനകയുടെ പുറത്താക്കലിനെ കുറിച്ച് പറഞ്ഞു.