ക്യാപ്റ്റൻ അൽവാരോ മൊറാട ഹാട്രിക്കുമായി മുന്നിൽ നിന്നും നയിച്ചപ്പോൾ ജോർജിയക്കെതിരെ യൂറോ ക്വാളിഫയറിൽ തകർപ്പൻ ജയവുമായി സ്പാനിഷ് അർമഡ. ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു ജോർജിയയെ തകർത്തത്. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് സ്പെയിൻ. ഓൾമോ, നിക്കോ വില്യംസ്, ലമീൻ യമാൽ എന്നിവരും വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. സ്പെയിനിന് വേണ്ടി അരങ്ങേറിയ പ്രായം കുറഞ്ഞ താരമായ ലമീൻ, സ്പാനിഷ് ദേശിയ ജേഴ്സിയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവുമായി മാറി ചരിത്രം കുറിച്ചു.
ആദ്യ പകുതിയിൽ തന്നെ സ്പെയിൻ മത്സരത്തിന്റെ വിധി നിർണയിച്ചു. നാല് ഗോളുകളാണ് ആദ്യ നാല്പത്തിയഞ്ചു മിനിറ്റിൽ പിറന്നത്. രണ്ടാം മിനിറ്റിൽ തന്നെ കർവഹാളിന്റെ ക്രോസിൽ മൊറാട്ടയും പിറകെ അസെൻസിയോയും ഗോളിന് അടുത്തെതി. ഗവിയുടെ പാസിൽ ഓൾമോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അസെൻസിയോയുടെ ക്രോസിൽ മൊറാടയും ഗോളിന് അടുത്തെത്തി. ഇടക്ക് ജോർജിയ ആക്രമണത്തിന് വഴി കണ്ടെങ്കിലും ഖ്വരത്സ്കെലിയയുടെ ക്രോസിലേക്ക് സഹതാരങ്ങൾ എത്തിയില്ല. ഒടുവിൽ 22ആം മിനിറ്റിൽ അസെൻസിയോയുടെ മനോഹരമായ ക്രോസ് ഉയർന്ന് ചാടി വലയിൽ എത്തിച്ച് മൊറാട തന്നെ സ്പെയിനിന് ലീഡ് നൽകി. 28ആം മിനിറ്റിൽ ഓൾമോയുടെ ഷോട്ട് തടയാനുള്ള ക്വിർഖേലിയയുടെ ശ്രമം സ്വന്തം വലയിൽ അവസാനിച്ചു. പിന്നീട് ഫാബിയൻ റൂയിസ് വല കുലുക്കിയെങ്കിലും ഓഫ്സൈഡ് വിധിക്കപ്പെട്ടു. റൂയിസിന്റെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ഷോട്ട് കീപ്പർ തടുത്തു. 38ആം മിനിറ്റിൽ എതിർ തരങ്ങൾക്കിടയിലൂടെ ഓൾമോ തൊടുത്ത ഷോട്ട് വലയിൽ പതിച്ചു. വെറും രണ്ടു മിനിറ്റിനു ശഷം ജോർജിയൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നും മൊറാട വീണ്ടും ലക്ഷ്യം കണ്ടു. എതിർ താരത്തിൽ നിന്നും റാഞ്ചിയ ബോളുമായി കുതിച്ച റൂയിസ് നൽകിയ അവസരത്തിൽ സ്പാനിഷ് ക്യാപ്റ്റൻ ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോർജിയ ഒരു ഗോൾ തിരികെ അടിച്ചു. ബോക്സിനുള്ളിൽ നിന്നും ചക്വെറ്റസെയുടെ അത്ര ശക്തമല്ലാത്ത ഷോട്ട് ഉനായി സൈമണിന് കൈക്കലാക്കാൻ സഹിക്കാതെ പോയി. താരത്തിന്റെ മറ്റൊരു ഷോട്ട് കീപ്പർ കൈക്കലാക്കി. 64ആം മിനിറ്റിൽ മൊറാട ഹാട്രിക്ക് തികച്ചു. മിക്കൽ മേറിനോയുടെ ത്രൂ ബോളിൽ നിന്നും മനോഹരമായ ഫിനിഷിങിലൂടെ താരം വല കുലുക്കുകയായിരുന്നു. രണ്ടു മിനിറ്റിനു ശേഷം നിക്കോ വില്യംസ് തന്റെ പ്രതിഭ അറിയിച്ച ഗോൾ നേടി. ഹോസെ ഗയയുടെ പാസ് പിടിച്ചെടുത്ത് എതിർ താരങ്ങളെ ഡ്രിബ്ബിൾ ചെയ്തു കയറിയാണ് താരം ലക്ഷ്യം കണ്ടത്. 73ആം മിനിറ്റിൽ സ്പെയിനിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ലമീൻ യമാൽ മാറി. ഈ ഗോളിലും നിക്കോയുടെ നീക്കം തന്നെ ആയിരുന്നു നിർണായകം. താരം ബോക്സിനുള്ളിൽ നൽകിയ പാസ് തികച്ചും മാർക്ക് ചെയ്യപ്പെടാതെ നിന്ന ലമീൻ അനായാസം വല കുലുക്കി. പിന്നീടും നിരവധി അവസരങ്ങൾ വീണു കിട്ടിയെങ്കിലും കൂടുതൽ ഗോൾ കണ്ടെത്താൻ സ്പെയിനിനായില്ല.