ഏഷ്യൻ ഗെയിംസിനായി ഐ എസ് എൽ ക്ലബുകൾ താരങ്ങളെ വിട്ടു നൽകാൻ തയ്യാറാകാത്തതോടെ ലീഗ് നീട്ടിവെക്കാൻ ഉള്ള ശ്രമം എ ഐ എഫ് എഫ് ആരംഭിച്ചു. സെപ്റ്റംബർ 21ന് ആരംഭിക്കാൻ ആയിരുന്ന ഐ എസ് എൽ 10 ദിവസത്തേക്ക് നീട്ടിവെക്കാൻ ആണ് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബെ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി എഫ് എസ് ഡി എല്ലിനെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 19ന് ആണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഫിഫ വിൻഡോ അല്ലാത്തതിനാൽ ക്ലബുകൾക്ക് ഈ സമയത്ത് താരങ്ങളെ രാജ്യത്തിനായി വിട്ടുകൊടുക്കണം എന്ന് നിർബന്ധമില്ല. സീസൺ തുടക്കം ആയതിനാൽ എ ഐ എഫ് എഫ് പ്രത്യേകം ആവശ്യപ്പെട്ടിട്ടും താരങ്ങളെ വിട്ടുനൽകാൻ ഒരു ക്ലബും ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് ലീഗ് മാറ്റിവെക്കുന്ന ആലോചനയിൽ എ ഐ എഫ് എഫ് എത്തിയത്.
എഫ് എസ് ഡി എൽ അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച കാര്യത്തിൽ മറുപടി നൽകും. ഇപ്പോൾ സെപ്റ്റംബർ 21ന് ലീഗ് തുടങ്ങാനായുള്ള ഒരുക്കങ്ങൾ സജീവമാണ്. അടുത്ത ദിവസം ഐ എസ് എൽ ഫിക്സ്ചർ വരാനിരിക്കെയാണ് പുതിയ ആവശ്യം എ ഐ എഫ് എഫ് ഉന്നയിച്ചിരിക്കുന്നത്.