ബയേണിന്റെ ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ ഇന്റർ മിലാൻ സ്വന്തമാക്കി. ബയേണും ഇന്റർ മിലാനും തമ്മിൽ പൂർണ്ണ ധാരണയിൽ എത്തി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസം തന്നെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാനായി പവാർഡ് ഇറ്റലിയിൽ എത്തും. 30 മില്യൺ ആകും ട്രാൻസ്ഫർ തുക. നാലു വർഷത്തെ കരാർ താരം ഒപ്പുവെക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ പവാർഡിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും മഗ്വയറിനെ വിൽക്കാൻ ആവാത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ ചർച്ചകളിൽ നിന്ന് പിന്മാറി.
ക്ലബ് വിടാൻ പവാർഡ് ഉറച്ച തീരുമാനം എടുത്തത് കൊണ്ടാണ് താരത്തെ വിൽക്കാൻ ബയേൺ നിർബന്ധിതനായത്. അടുത്ത സീസണിന്റെ അവസാനത്തോടെ ബയേണിലെ പവാർഡിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. തുടർച്ചയായി നാലാം ബുണ്ടസ്‌ലിഗ കിരീടം നേടിയ ബെഞ്ചമിന് പവാർഡ് 2018 ലോകകപ്പിനു ശേഷമായിരുന്നു ബയേണിൽ എത്തിയത്. താരം ബയേണൊപ്പം ഇതുവരെ 11 കിരീടങ്ങൾ നേടിയിട്ടുണ്ട്.