ഇന്ത്യയുടെ പ്രധാന വൈരികളായ പാകിസ്താന് മികച്ച ടീം തന്നെ ഉണ്ടെന്ന് സൗരവ് ഗാംഗുലി. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ vs പാകിസ്ഥാൻ പോരാട്ടം നടക്കുന്നുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സൗരവ് ഗാംഗുലി. സെപ്തംബർ 2ന് ആണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം. ഏഷ്യാ കപ്പിൽ മൂന്ന് തവണ പാകിസ്താനും ഇന്ത്യയും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്.
ബാബർ അസമും കൂട്ടരും 2-ാം റാങ്കുള്ള ടീമായി ഇന്ത്യയെക്കാൾ നല്ല പൊസിഷനിൽ ആണ് റാങ്കിംഗിൽ ഉള്ളത്. എന്നാൽ റാങ്കിംഗുകൾ പ്രശ്നമല്ല എന്നും, ആ ദിവസം ആരാണ് നന്നായി കളിക്കുന്നത് എന്നതാണ് പ്രധാനം എന്ന് ഗാംഗുലി പറഞ്ഞു. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ശക്തമായ എതിരാളികൾ ആകും എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
“അവർ വളരെ നല്ല ടീമാണ്. അവർക്ക് മികച്ച ബൗളിംഗ് ആക്രമണമുണ്ട് – നസീം ഷാ, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്. അവർ വളരെ സന്തുലിതമായ ടീമാണ്.” ഗാംഗുലി പറഞ്ഞു.
ഇന്ത്യയും ശക്തമായ പക്ഷമാണ്. ആ ദിവസം നിങ്ങൾ കളിക്കുന്നത് എങ്ങനെയാണ്; അത് മാത്രമാണ് നിർണായകം. ഇതിൽ റോക്കറ്റ് സയൻസ് ഇല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.