മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഏഷ്യാ കപ്പ് ടീമിൽ നിന്ന് യുസ്‌വേന്ദ്ര ചാഹൽ ഒഴിവാക്കപ്പെട്ടതിനെ വിമർശിച്ചു. കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവർ ടീമിൽ എത്തിയപ്പോൾ ചാഹലും അശ്വിനും പുറത്തായിരുന്നു. വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർ ചാഹലാണെന്ന് ഹർഭജൻ പറഞ്ഞു.
“ടീമിൽ എനിക്കൊരു കുറവായി തോന്നുന്നത് യുസ്വേന്ദ്ര ചാഹലിന്റെ അഭാവമാണ്. പന്ത് തിരിച്ചുവിടാൻ കഴിയുന്ന ഒരു ലെഗ് സ്പിന്നർ. നിങ്ങൾ യഥാർത്ഥ സ്പിന്നറെക്കുറിച്ച് പറയുകയാണെങ്കിൽ, വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ ചാഹലിനേക്കാൾ മികച്ച ഒരു സ്പിന്നർ ഇന്ത്യയിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.” ഹർഭജൻ പറഞ്ഞു.
“അദ്ദേഹത്തിന്റെ അവസാന കുറച്ച് കളികൾ മികച്ചതായിരുന്നില്ല, പക്ഷേ അത് അവനെ ഒരു മോശം ബൗളർ ആക്കുന്നില്ല,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ടീമിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടൂർണമെന്റ് ഇന്ത്യയിലായതിനാൽ അദ്ദേഹത്തെ ലോകകപ്പിലേക്ക് പരിഗണിക്കേണ്ടത് പ്രധാനമാണ്” ഹർഭജൻ കൂട്ടിച്ചേർത്തു