ഗോകുലം കേരള മുന്നേറ്റത്തിന് കരുത്തു പകർന്ന് കൊണ്ട് മറ്റൊരു ട്രാൻസ്ഫർ കൂടി. ഇന്ത്യൻ ഫുട്ബോളിൽ മതിയായ അനുഭവസമ്പത്തുള്ള സ്ട്രൈക്കർ കോമ്രോൺ ടുർസനോവിനെയാണ് കേരളാ ടീം കൂടാരത്തിൽ എത്തിച്ചത്. ട്രാവു എഫ്സി താരമായിരുന്ന മുന്നേറ്റ താരം ഇന്ന് ടീമിനോടൊപ്പം ചേർന്നു കഴിഞ്ഞു. എന്നാൽ നിർണായകമായ ബെംഗളൂരുവിനെതിരായ മത്സരത്തിൽ താരം ഉണ്ടാവുമോ എന്നുറപ്പില്ല. ഗോകുലത്തിന് നോക്ക് റൗണ്ട് ഉറപ്പാക്കാൻ സാധിച്ചാൽ ഉടൻ തന്നെ പുതിയ ജേഴ്സിയിൽ താരത്തെ ആരാധകർക്ക് കാണാൻ സാധിക്കും.
ഇതോടെ കഴിഞ്ഞ സീസണിലെ വലിയ പ്രതിസന്ധി ആയിരുന്ന മുന്നേറ്റത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരുത്തിയിരിക്കുകയാണ് ഗോകുലം. നേരത്തെ സ്പാനിഷ് താരം അലക്സ് സാഞ്ചസിനേയും എത്തിച്ച ടീമിന് ടുർസനോവിന്റെ വരവ് കൂടുതൽ കരുത്തു പകരും. മുൻപ് മോഹൻ ബഗാൻ, രാജസ്ഥാൻ യുനൈറ്റഡ്, ചർച്ചയിൽ ബ്രദേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി പന്തു തട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ട്രാവുവിന് വേണ്ടി പത്തോളം ഗോളുകൾ കണ്ടെത്തി. മോഹൻ ബഗാനോടൊപ്പം ഐ ലീഗ് കിരീട നേട്ടവും ഉണ്ടായിരുന്നു. ദീർഘനാൾ ഇന്ത്യൻ ഫുട്ബോളിൽ പന്ത് തട്ടിയതിന്റെ അനുഭവം ടീമിന് മുതൽകൂട്ടാവും എന്നു തന്നെയാണ് ഗോകുളത്തിന്റെ പ്രതീക്ഷ. നേരത്തെ ഐ ലീഗിൽ ഏറ്റവും വേഗമേറിയ ഗോൾ നേടിയ റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു. ചർച്ചിലിനെതിരെ വെറും ഒൻപതാം മിനിറ്റിൽ വല കുലുക്കി കൊണ്ടായിരുന്നു ഇത്.
Download the Fanport app now!