ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഫുട്ബോളിന് പുതിയ മുഖം നൽകാൻ എഎഫ്സിയുടെ പദ്ധതി. ഇന്ന് നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡെറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ ക്ലബ്ബ് ഫുട്ബോളിൽ വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കിയേക്കും. യുറോപ്യൻ ഫുട്ബോൾ മാതൃകയിൽ മൂന്ന് തലത്തിലുള്ള ടൂർണമെന്റുകൾക്കും വർധിപ്പിച്ച സമ്മാന വിഹിതത്തിനും പുറമെ വനിതാ ചാമ്പ്യൻസ് ലീഗിന്റെയും മാറ്റങ്ങൾക്ക് കമ്മിറ്റി അംഗീകാരം നൽകി. 2024-25 സീസൺ മുതലാവും പുതിയ മാറ്റങ്ങൾ പ്രാവർത്തികമാകുക.
ആകെ 76 ടീമുകൾ പങ്കെടുക്കുന്ന തരത്തിൽ ആണ് ക്ലബ്ബ് പോരാട്ടങ്ങൾ സജ്ജീകരിക്കുന്നത്. നിലവിലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് തന്നെ ആവും ഏറ്റവും ഒന്നാം നിര ക്ലബുകളുടെ പോരാട്ടം. ടൂർണമെന്റിന്റെ പുതിയ പേര് എഎഫ്സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് (ACLE) എന്നായിരിക്കും. 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഇതിന് താഴെ 32 ടീമുകൾ പങ്കെടുക്കുന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 (ACL2), പിന്നീട് 20 ടീമുകൾ പങ്കെടുക്കുന്ന എഎഫ്സി ചലഞ്ച് ലീഗ് (ACGL). സമ്മാന തുകയിലുള്ള വർധനവാണ് മറ്റൊരു പ്രധാന തീരുമാനം. ACLE ജേതാക്കൾക്ക് നിലവിലുള്ള 4 മില്യൺ യുഎസ് ഡോളറിന് പകരം 12 മില്യൺ ഡോളർ കരസ്ഥമാക്കാം. റണ്ണെഴ്സ് അപ്പിന് 6 മില്യൺ യുഎസ് ഡോളറും നൽകും. ഇത് നിലവിൽ 2 മില്യൺ ഡോളർ ആണ്.
എഎഫ്സി വനിതാ ചാമ്പ്യൻസ് ലീഗ് ആണ് മറ്റൊരു പ്രഖ്യാപനം. നിലവിൽ രണ്ടു സീസണുകളിൽ ആയി എഎഫ്സി വുമൺസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നടന്ന് വരുന്നുണ്ട്. ഇത് പരിഷ്കരിച്ചാണ് പുതിയ രൂപത്തിലേക്ക് മാറുക. ആദ്യ തവണ ഇൻവിറ്റെഷൻ മോഡലിൽ ആവും ടൂർണമെന്റ് നടക്കുക. പ്രതിഭാധനരായ വനിതാ താരങ്ങളുടെ വളർച്ചയിൽ വലിയൊരു ചുവട് വെപ്പായിരിക്കും വനിതാ ചാമ്പ്യൻസ് ലീഗ് എന്ന് എഎഫ്സി പ്രസിഡന്റ് സൂചിപ്പിച്ചു. പ്രൈസ് മണി അടക്കമുള്ള പുതിയ രീതികൾ ഏഷ്യൻ ക്ലബ്ബ് പോരാട്ടങ്ങളുടെ വളർച്ചയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.