നാടകീയ നിമിഷങ്ങൾക്ക് ശേഷം ലീഡ്സ് യുണൈറ്റഡ് താരം ജാക്ക് ഹാരിസൺ എവർട്ടണിൽ ചേരും. പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട താരത്തെ നിലവിൽ ലോണിൽ ആണ് എവർട്ടൺ സ്വന്തമാക്കുന്നത്. റിലഗേഷൻ റിലീസ് ക്ലോസ് പ്രകാരം താരത്തെ ലോണിന് ശേഷം ക്ലബ് സ്ഥിരമായി സ്വന്തമാക്കുകയും ചെയ്യും. എവർട്ടണിൽ ഇന്ന് താരം മെഡിക്കലിന് വിധേയമായ ശേഷമാണ് താരത്തെ ഹൈജാക്ക് ചെയ്യാൻ ആസ്റ്റൺ വില്ല ശ്രമിച്ചത്.
വില്ല പരിശീലകൻ ഉനയ് എമറെ താരത്തെ നേരിട്ട് വിളിച്ചു ഹാരിസണിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുക ആയിരുന്നു. തുടർന്ന് താരം വില്ലയിൽ മെഡിക്കൽ ടെസ്റ്റിന് വിധേയനായി. എന്നാൽ താരത്തിന് പരിക്കേറ്റതിനാൽ ഒരു മാസത്തോളം കളിക്കാൻ ആവില്ലെന്ന് മനസ്സിലായ വില്ല 26 കാരനായ താരത്തെ വാങ്ങുന്നതിൽ നിന്നു പിന്മാറുക ആയിരുന്നു. പരിക്കേറ്റു ദീർഘകാലം പുറത്ത് ഇരിക്കാൻ പോകുന്ന എമി ബുവന്ദിയക്ക് പകരക്കാരനായി മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ഇംഗ്ലീഷ് താരത്തെ എത്തിക്കാൻ ആയിരുന്നു വില്ല ശ്രമം. ഇതോടെ താരം എവർട്ടണിൽ തന്നെ ചേരാൻ തീരുമാനിക്കുക ആയിരുന്നു.