തന്റെ കരിയറിൽ ആദ്യമായി ഒരു കിരീടം നേടാനുള്ള ഹാരി കെയിനിന്റെ സ്വപ്നം ഇനിയും നീളും. ഇന്നലെ ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണികും ആയി കരാർ പൂർത്തിയാക്കിയ താരം അവരുടെ ജർമ്മൻ സൂപ്പർ കപ്പ് ടീമിൽ പകരക്കാരനായി ഇടം പിടിക്കുക ആയിരുന്നു. എന്നാൽ മത്സരത്തിൽ ആർ.ബി ലൈപ്സിഗിനോട് എതിരില്ലാത്ത 3 ഗോളുകൾക്ക് ബയേൺ തോൽക്കുക ആയിരുന്നു. സ്പാനിഷ് താരം ഡാനി ഓൽമോയുടെ ഹാട്രിക് ആണ് ലൈപ്സിഗിനു കിരീടം നൽകിയത്.
മത്സരത്തിൽ മൂന്നാം മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്സിന്റെ പാസിൽ നിന്നു ആദ്യ ഗോൾ നേടിയ ഓൽമോ 44 മത്തെ മിനിറ്റിൽ തിമോ വെർണറിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ മുൻതൂക്കം ഇരട്ടിയാക്കി. തുടർന്ന് 64 മത്തെ മിനിറ്റിൽ ആണ് പകരക്കാരനായി കെയിൻ ജർമ്മനിയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 68 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ഓൽമോ ബയേണിന്റെ പരാജയം പൂർത്തിയാക്കി. കരിയറിൽ ടോട്ടനത്തിനു ഒപ്പം ഒരു കിരീടവും നേടാനുള്ള ഭാഗ്യം ഇല്ലാതിരുന്ന കെയിനിന്റെ കിരീടത്തിനു ആയുള്ള കാത്തിരിപ്പ് ഇതോടെ ഇനിയും നീളും.