ഗോകുലം കേരള പുതിയ ഐ ലീഗ് സീസണ് മുന്നോടിയായി ഒരു വമ്പൻ സൈനിംഗ് പൂർത്തിയാക്കുകയാണ്. എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആയിരുന്ന എഡു ബേഡിയ ആണ് ഗോകുലം കേരളയിലേക്ക് എത്തുന്നത്. താരം ഉടൻ ഗോകുലം കേരളയിൽ എത്തും എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട ഐ ലീഗ് കിരീടം തിരികെ പിടിക്കുകയും ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടുകയും ആണ് ഗോകുലം കേരളയുടെ ഈ സീസണിൽ ലക്ഷ്യം. അതിന്റെ ഭാഗമാണ് ഈ വലിയ സൈനിംഗ്.
അവസാന ആറു വർഷമായി ഗോവയ്ക്ക് ഒപ്പം എഡു ബേഡിയ ഉണ്ടായിരുന്നു. ഒരു ഐ എസ് എൽ ക്ലബിൽ ഏറ്റവും അധികം സമയം ചിലവഴിച്ച വിദേശ താരം എന്ന റെക്കോർഡുമായാണ് എഡു ബേഡിയ ഗോവ ക്ലബ് വിട്ടത്. അവസാന മൂന്നു സീസണുകളിലായി ക്ലബിന്റെ ക്യാപ്റ്റൻ പദവി കൂടെ എഡു ബേഡിയ വഹിക്കുന്നുണ്ടായിരുന്നു.
ഈ കഴിഞ്ഞ സീസണിൽ ആകെ 18 മത്സരങ്ങൾ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും എഡു ബേഡിയക്ക് സംഭാവന ചെയ്യാൻ ആയിരുന്നു. ഐ എസ് എല്ലിൽ ആകെ 105 മത്സരങ്ങൾ കളിച്ച ബേഡിയ 13 ഗോളും 16 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്.