ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫിൽ ഒഡീഷ എഫ്സിക്ക് ആദ്യ വിജയം. അസമിലെ സായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയർ കീഴടക്കുകയായിരുന്നു. ചന്ദ്ര മോഹൻ മുർമു, അഫോബ സിങ് എന്നിവർ ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ റിച്ചാർഡ്സൻ ഡെൻസിലാണ് രാജസ്ഥാന്റെ ഏക ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ വിജയവുമായി ആരംഭിച്ച രാജസ്ഥാന് തിരിച്ചടി ആണ് ഇന്നത്തെ ഫലം. തോൽവിയോടെ തുടങ്ങിയ ഒഡീഷയുടെ യുവനിരക്ക് ആവട്ടെ മൂന്ന് പോയിന്റും നേടാൻ ആയി. ഇതോടെ ഗ്രൂപ്പിലെ പോരാട്ടം കടുത്തിരിക്കുകയാണ്.
ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടാനുള്ള അവസരം രാജസ്ഥാൻ കളഞ്ഞു കുളിക്കുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. ലാൽചുങ്നുങ്ങയുടെ മുന്നേറ്റത്തിനോടുവിൽ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നായി സോമക്ക് ലഭിച്ച അവസരം പക്ഷെ പുറത്തേക്ക് പോകുന്നതാണ് കണ്ടത്. മിനിറ്റുകൾക്ക് ശേഷം കാർത്തിക്കിന്റെ ഷോട്ട് രാജസ്ഥാൻ കീപ്പർ സച്ചിൻ തടുത്തിട്ട ബോളിൽ ഗോൾ നേടാനുള്ള സുവർണാവസരം ഒഡീഷയുടെ പുങ്തെയും നഷ്ടപ്പെടുത്തി. ആഡ്വിന്റെ ലോങ് റേഞ്ചും രാജസ്ഥാൻ കീപ്പർ സേവ് ചെയ്തു.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് ആവുമ്പോൾ ഒഡീഷ കാത്തിരുന്ന ഗോൾ എത്തി. ആഡ്വിന്റെ കോർണറിൽ നിന്നെത്തിയ ബോൾ രാഹുൽ പോസിറ്റിന് തൊട്ടു മുൻപിലേക്ക് ഹെഡ് ചെയ്തിട്ടപ്പോൾ തക്കം പാർത്തിരുന്ന ചന്ദ്ര മുർമു ശക്തിയേറിയ ഷോട്ടിലൂടെ വല കുലുക്കി. എന്നാൽ വെറും മൂന്ന് മിനിറ്റിനുള്ളിൽ രാജസ്ഥാൻ സമനില ഗോൾ കണ്ടെത്തി. ബോക്സിനു പുറത്തു നിന്നും ഡെൻസിൽ തൊടുത്ത വെടിച്ചില്ലു കണക്കെയുള്ള ഷോട്ട് കീപ്പറുടെ കൈകളിൽ തട്ടി പോസ്റ്റിലേക്ക് തന്നെ കയറി. എന്നാൽ തളരാതെ പോരാടിയ ഒഡീഷ 63ആം മിനിറ്റിൽ വിജയ ഗോൾ സ്വന്തമാക്കി. രാഹുലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് നിർണായക ഗോൾ പിറന്നത്. കിക്ക് എടുത്ത അഫോബാ, പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്തെത്തിച്ചു. 80 ആം മിനിറ്റിൽ ത്രോയിൽ നന്നെത്തിയ ബോളിൽ ഒഡീഷ ഗോൾ മുഖത്ത് കൂട്ടപൊരിച്ചിൽ ഉണ്ടായെങ്കിലും ഗോൾ ലൈൻ സേവുമായി ഡിഫെൻസ് ഉറച്ചു നിന്നതോടെ ടീം വിജയം സ്വന്തമാക്കി.