മുൻ ചെൽസി താരം റോസ് ബാർക്കിലി ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്ഥാനക്കയറ്റം നേടി വന്ന ലൂറ്റൺ ടൗണിൽ ചേർന്നു. 29 കാരനായ താരം ഫ്രീ ഏജന്റ് ആയാണ് ലൂറ്റണിൽ ചേർന്നത്. ലൂറ്റണിൽ ആറാം നമ്പർ ജേഴ്‌സി ആണ് മധ്യനിര താരമായ ബാർക്കിലി അണിയുക. ജൂണിൽ ഫ്രഞ്ച് ക്ലബ് നീസും ആയുള്ള താരത്തിന്റെ കരാർ അവസാനിച്ചിരുന്നു. എവർട്ടൺ അക്കാദമിയിൽ കളി തുടങ്ങിയ ബാർക്കിലി അവർക്ക് ആയി 179 മത്സരങ്ങളിൽ ആണ് കളിച്ചത്.
തുടർന്ന് 2018 ൽ താരം 15 മില്യൺ പൗണ്ടിനു ചെൽസിയിൽ എത്തി. എന്നാൽ ചെൽസിയിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആവാത്ത താരം അവിടെ 100 മത്സരങ്ങൾ കളിച്ചു. 2020-21 സീസണിൽ ആസ്റ്റൺ വില്ലയിൽ ലോണിൽ പോയ താരത്തിന്റെ കരാർ 2022 ൽ ചെൽസി റദ്ദാക്കുക ആയിരുന്നു. തുടർന്ന് ആണ് താരം നീസിൽ ചേർന്നത്. അവർക്ക് ആയി 28 കളികൾ ആണ് കഴിഞ്ഞ സീസണിൽ ബാർക്കിലി കളിച്ചത്. 2013 ൽ ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിച്ച ബാർക്കിലി 33 തവണ ദേശീയ ടീമിന് ആയും കളിച്ചിട്ടുണ്ട്. ബാർക്കിലിയുടെ വലിയ പരിചയസമ്പത്ത് ലൂറ്റൺ ടൗണിനു പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള പോരാട്ടത്തിൽ കരുത്ത് പകരും എന്നുറപ്പാണ്.