ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയ ആഴ്‌സണലിൽ ചേരുക ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ. ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. നേരത്തെ താരത്തെ ആഴ്‌സണൽ 30 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ നിലവിൽ താരത്തെ 3 മില്യൺ പൗണ്ട് നൽകി ഒരു വർഷത്തെ ലോണിൽ ആണ് ആഴ്‌സണൽ ടീമിൽ എത്തിക്കുക. ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടർ എഡു മാസ്റ്റർ ക്ലാസ് ആണ് ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്.
ഈ കരാറിൽ അടുത്ത വർഷം താരത്തെ 27 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കാനുള്ള വ്യവസ്ഥയും ഉണ്ട്. നിലവിൽ ഒരു വർഷത്തെ മാത്രം കരാർ ബ്രന്റ്ഫോർഡിൽ അവശേഷിക്കുന്ന 27 കാരനായ സ്പാനിഷ് ഗോൾ കീപ്പർ ഈ ട്രാൻസ്ഫറിന്റെ ഭാഗമായി അവിടെ പുതിയ കരാറിലും ഒപ്പ് വെക്കും. കുറച്ചു മത്സരങ്ങൾക്ക് ശേഷമോ അല്ലെങ്കിൽ 2024 ലോ ഈ ബയ് ഓപ്‌ഷൻ നിലവിൽ വരും. താരത്തെ ആഴ്‌സണൽ സ്വന്തമാക്കുന്നില്ല എങ്കിൽ താരം ബ്രന്റ്ഫോർഡിലേക്ക് മടങ്ങും. എന്നാൽ താരത്തെ ആഴ്‌സണൽ അടുത്ത സീസണിൽ സ്ഥിരമായി സ്വന്തമാക്കാൻ തന്നെയാണ് സാധ്യത.
നേരത്തെ ബയേൺ മ്യൂണികിന്റെ ലോൺ കരാറും ടോട്ടനത്തിന്റെ വലിയ കരാറും ബ്രന്റ്ഫോർഡും റയയും തള്ളിയിരുന്നു. ഈ രീതിയിൽ താരത്തെ സ്വന്തമാക്കുന്നത് ഫിനാൻഷ്യൽ ഫെയർ പ്ലെയിലും മറ്റ് താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിലും ആഴ്‌സണലെ സഹായിക്കും. നാളെ മിക്കവാറും റയ മെഡിക്കൽ പൂർത്തിയാക്കി ആഴ്‌സണലും ആയുള്ള കരാറിൽ ഒപ്പ് വെക്കും. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആയ റയ ടീമിൽ എത്തുന്നതോടെ ആദ്യ ഗോൾ കീപ്പർ സ്ഥാനത്തിന് ആയി ആരോൺ റാംസ്ഡേൽ കനത്ത മത്സരം ആണ് നേരിടുക.