ഈ സീസണിൽ തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റണിന്റെ ഇംഗ്ലീഷ് മധ്യനിര താരവും ക്യാപ്റ്റനും ആയ ജയിംസ് വാർഡ്-പ്രൗസ് വെസ്റ്റ് ഹാമിലേക്ക്. എത്രയും പെട്ടെന്ന് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനുള്ള ചർച്ചയിൽ ആണ് വെസ്റ്റ് ഹാം എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. ഇതോടെ ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച നോർവിചിന് എതിരായ മത്സരം ചിലപ്പോൾ കരിയറിൽ ഉടനീളം സൗതാപ്റ്റണിന് ആയി കളിച്ച താരത്തിന്റെ ക്ലബ് ആയുള്ള അവസാന മത്സരം ആയേക്കും.
എട്ടാമത്തെ വയസ്സിൽ സൗതാപ്റ്റണിന്റെ അക്കാദമിയിൽ ചേർന്ന വാർഡ്-പ്രൗസ് കരിയറിൽ ഉടനീളം അവർക്ക് വേണ്ടി മാത്രം ആണ് കളിച്ചത്. 2011 ൽ പതിനാറാം വയസ്സിൽ സൗതാപ്റ്റണിനു ആയി അരങ്ങേറ്റം കുറിച്ച താരം അവർക്ക് ആയി 344 മത്സരങ്ങളിൽ നിന്നു 49 ഗോളുകൾ ആണ് നേടിയത്. 11 സീസണുകളിൽ പ്രീമിയർ ലീഗിൽ കളിച്ചു പരിചയമുള്ള താരം തന്റെ ഫ്രീകിക്ക് മികവ് കൊണ്ടു കൂടിയാണ് ശ്രദ്ധേയമായത്. പ്രീമിയർ ലീഗിൽ 17 ഫ്രീകിക്ക് ഗോളുകൾ നേടിയ താരം ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയ രണ്ടാമത്തെ താരമാണ്. സാക്ഷാൽ ഡേവിഡ് ബെക്കാം മാത്രമാണ് താരത്തിന് മുന്നിൽ ഉള്ളത്. അണ്ടർ 17 തലം മുതൽ അണ്ടർ 21 തലം വരെ ഇംഗ്ലണ്ടിന് ആയി കളിച്ച വാർഡ്-പ്രൗസ് 2017 ൽ ആണ് ഇംഗ്ലണ്ടിന് ആയി അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിന് ആയി 11 കളികളിൽ നിന്നു 2 ഗോളുകളും താരം നേടിയിട്ടുണ്ട്.