സീസണിന് ആരംഭം കുറിച്ച് ബാഴ്സലോണ സംഘടിപ്പിക്കുന്ന ജോവൻ ഗാമ്പർ ട്രോഫിയിൽ ആതിഥേയർക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു ബാഴ്സയുടെ ജയം. ലെവെന്റോവ്സ്കി, ഫെറാൻ ടോറസ്, ഫാറ്റി, ആബ്ദെ എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. ടോട്ടനത്തിന്റെ ഗോളുകൾ ഒലിവർ സ്കിപ്പിലൂടെ ആയിരുന്നു. അവസാന പത്ത് മിനിറ്റുകൾ മാത്രം കളത്തിൽ എത്തിയ യുവതാരം ലമീൻ യമാൽ തന്റെ പ്രതിഭ ഒരിക്കൽ കൂടി പുറത്തെടുത്തു. ടീമുകൾ ഇനി ലീഗ് മത്സരങ്ങളിലേക്ക് തിരിയും.
ബാഴ്സയുടെ മുന്നറ്റങ്ങളോടെ തന്നെയാണ് മത്സരം തുടങ്ങിയത്. ഒളിമ്പിക് സ്റ്റേഡിയത്തിൽ മുപ്പതയ്യായിരത്തോളം കാണികൾ എത്തി. സീസണിൽ ബാഴ്സയുടെ തട്ടകം ഈ സ്റ്റേഡിയം ആയിരിക്കും. മൂന്നാം മിനിറ്റിൽ തന്നെ ലെവെന്റോവ്സ്കിയിലൂടെ ബാഴ്സ വല കുലുക്കി. വലത് വിങ്ങിലൂടെ കുതിച്ച റാഫിഞ്ഞ ഉയർത്തി നൽകിയ ബോളിൽ പോളിഷ് സ്ട്രൈക്കർ അനായാസം ലക്ഷ്യം കണ്ടു. പിന്നീട് റാഫിഞ്ഞക്ക് ലഭിച്ച സുവർണാവസരം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 23ആം മിനിറ്റിൽ റെഗുലിയോണിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തടുത്തിട്ടത് വലയിലേക്ക് എത്തിച്ച് സ്കിപ്പ് സ്കോർ സമനിലയിൽ ആക്കി. 27ആം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യാൻ സ്ഥാനം തെറ്റി നിന്ന കീപ്പറെ മറികടക്കാൻ റാഫിഞ്ഞ ശ്രമം നടത്തിയെങ്കിലും വിസാരിയോ മികച്ച ഒരു സേവിലൂടെ ടീമിന്റെ രക്ഷക്കെത്തി. 36 ആം മിനിറ്റിൽ പെരിസിച്ചിന്റെ ക്രോസിൽ ഹെഡർ ഉതിർത്ത് സ്കിപ്പ് വീണ്ടും ഗോൾ നേടി ടോട്ടനത്തിന് ലീഡ് സമ്മാനിച്ചു. ഇടവേളക്ക് തൊട്ടു മുൻപ് കീപ്പർ മാത്രം മുന്നിൽ നിൽക്കെ മനോർ സോളോമന് ലഭിച്ച അവസരം താരം കീപ്പറുടെ നേരെ ആയി
രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. പെഡ്രിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന പോയി. പെഡ്രോ പൊറോയുടെ തകർപ്പൻ ശ്രമം റ്റെർ സ്റ്റഗൻ സേവ് ചെയ്തു. അലോൺസോയുടെ ത്രൂ ബോളിൽ റാഫിഞ്ഞയുടെ ശ്രമം സാഞ്ചസ് ക്ലിയർ ചെയ്തു. പകരക്കാരായി ലമീൻ യാമാൽ എത്തിയതോടെ മത്സരത്തിന്റെ ഗതി മാറി. ഡിഫെൻസിൽ നിന്നും ഉയർത്തി നൽകിയ ബോൾ പിടിച്ചെടുത്ത് വലത് വിങ്ങിലൂടെ കുതിച്ച യമാൽ നൽകിയ പാസിൽ ഫെറാൻ ടോറസ് സമനില ഗോൾ നേടി. 90 ആം മിനിറ്റിൽ ഫാറ്റിയിലൂടെ ബാഴ്സ ലീഡ് തിരിച്ചു പിടിച്ചു. ഒരിക്കൽ കൂടി ലമീൻ യമാലിന്റെ നീക്കം നിർണായകമായപ്പോൾ ഫെറാൻ ടോറസിന്റെ അസിസ്റ്റിലാണ് ഫാറ്റി വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ മറ്റൊരു യുവതാരം ഫെർമിൻ ലോപസിന്റെ പാസിൽ ആബ്ദെ ഗോൾ നേടി പട്ടിക പൂർത്തിയാക്കി. മത്സരത്തിൽ വലിയൊരു ഭാഗം ലീഡ് കൈവശം വെച്ച ടോട്ടനം ബാഴ്സയെ വിറപ്പിച്ചു തന്നെയാണ് കീഴടങ്ങിയത്. സാവിയുടെ സബ്സ്റ്റിട്യൂട്ടുകൾ മത്സരത്തിൽ നിർണായകമായി. യുവതാരങ്ങൾ തിളങ്ങിയതോടെ ഗാമ്പർ ട്രോഫി വീണ്ടും ബാഴ്സയുടെ ഷെൽഫിൽ എത്തി.
(Pic credit: https://twitter.com/poblaugrana)