രണ്ടാം ടി20യിൽ വെസ്റ്റിൻഡീസിന് എതിരായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് പരാജയം. രണ്ട് വിക്കറ്റിന്റെ വിജയമാണ് വെസ്റ്റിൻഡീസ് നേടിയത്. ഇതോടെ പരമ്പരയിൽ വെസ്റ്റിൻഡീസ് 2-0ന് മുന്നിൽ എത്തി. ജയിക്കാം ആയുരുന്ന മത്സരത്തിൽ അവസാനം ഹാർദ്ദിക് പാണ്ഡ്യ ചാഹലിന് ബൗൾ കൊടുക്കാതിരുന്ന തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
നിക്ലസ് പൂരന്റെ മികച്ച ഇന്നിങ്സ് ആണ് വെസ്റ്റിൻഡീസിന് കരുത്തായത്. വെസ്റ്റിൻഡീസ് തുടക്കത്തിൽ 2 വിക്കറ്റിന് 2 റൺസ് എന്ന നിലയിൽ പരുങ്ങിയതായിരുന്നു. പക്ഷെ പൂരന്റെ ഇന്നിംഗ്സ് മത്സരം ഇന്ത്യയിൽ നിന്ന് അകറ്റി.
പൂരൻ 40 പന്തിൽ നിന്ന് 67 റൺസ് എടുത്തു. നാലു സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിംഗ്സ്. പൂരൻ ഔട്ട് ആകുന്നതിന് മുമ്പ് 13.5 ഓവറിൽ 126-4 എന്ന ശക്തമായ നിലയിൽ ആയിരുന്നു വെസ്റ്റിൻഡീസ്. പൂരന്റെ വിക്കറ്റോടെ വെസ്റ്റിൻഡീസ് ആടിയുലഞ്ഞു. 126-4 എന്നതിൽ നിന്ന് 129-8 എന്ന നിലയിലേക്ക് വെസ്റ്റിൻഡീസ് വീണു. ചാഹലിന്റെ ഒരു ഓവർ ആണ് കളി മാറ്റിയത്. മൂന്ന് വിക്കറ്റുകൾ ആ ഓവറിൽ വീണു.
എന്നാൽ ചാഹലിന് വീണ്ടും ഓവർ കൊടുക്കാതെ അവസാന ഓവർ കൊടുക്കാൻ മാറ്റി വെച്ച ഹാർദ്ദികിന്റെ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായി. പേസർമാരായ അർഷ്ദീപിനെതിരെയും മുകേഷിനെതിരെയും വെസ്റ്റിൻഡീസിന്റെ വാലറ്റക്കാരായ അകീലും അൽസാരി ജോസഫും റൺസ് കണ്ടെത്തിയതോടെ വെസ്റ്റിൻഡീസ് വിജയത്തിലേക്ക് അടുത്തു. ചാഹലിന് ബൗൾ കിട്ടും മുമ്പ് തന്നെ അവർ വിജയിക്കുകയും ചെയ്തു.
ഇന്ന് വെസ്റ്റിൻഡീസിന് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 നഷ്ടത്തിൽ 152 റൺസ് മാത്രമാണ് എടുത്തത്. ആദ്യ മത്സരം പോലെ മുൻ നിരയിൽ തിലക് വർമ്മ അല്ലാതെ ആർക്കും വലിയ സ്കോർ നേടാൻ ഇന്ന് ആയില്ല. ഓപ്പണർ ഗിൽ 7 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായി. പിന്നാലെ വന്ന സൂര്യകുമാർ 1 റൺസ് എടുത്തും കളം വിട്ടു.
തിലക് വർമ്മ ഒരു വശത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതി എങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു. തിലക് വർമ്മ 41 പന്തിൽ നിന്ന് 51 റൺസ് എടുത്തു ടോപ് സ്കോറർ ആയി. ആദ്യ മത്സരത്തിലും തിലക് വർമ്മ ആയിരുന്നു ടോപ് സ്കോറർ. ഇഷൻ കിഷൻ 27 റൺസും ക്യാപ്റ്റൻ ഹാർദ്ദിക്ക് 25 റൺസും എടുത്തു കളം വിട്ടു. സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടു. സഞ്ജു ഇന്ന് 7 റൺസ് മാത്രമാണ് എടുത്തത്.
വെസ്റ്റിൻഡീസിനായി അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഷെപേർഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.