വനിത ലോകകപ്പിൽ നിന്നു അർജന്റീന ആദ്യ റൗണ്ടിൽ പുറത്ത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ സ്വീഡനോട് അവർ 2 ഗോളുകൾക്ക് പരാജയപ്പെടുക ആയിരുന്നു. ലോകകപ്പിൽ ഒരു മത്സരത്തിൽ ജയിക്കാൻ പോലും അർജന്റീനക്ക് ആയില്ല, അതേസമയം മൂന്നു മത്സരങ്ങളും ജയിച്ച സ്വീഡൻ ഗ്രൂപ്പ് ജേതാക്കൾ ആയി. നിറയെ മാറ്റങ്ങളും ആയി എത്തിയ സ്വീഡൻ രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ റബേക്കയുടെ ഗോളിൽ മുന്നിൽ എത്തി.
തുടർന്ന് 90 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എലിൻ റൂബൻസൻ അർജന്റീന പരാജയം ഉറപ്പിച്ചു. പ്രീ ക്വാർട്ടറിൽ റെക്കോർഡ് ജേതാക്കൾ ആയ അമേരിക്ക ആണ് സ്വീഡന്റെ എതിരാളികൾ. അതേസമയം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് ആയിട്ടുള്ള പോരാട്ടത്തിൽ ഇറ്റലിയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്രം എഴുതി. ചരിത്രത്തിൽ ആദ്യമായി ആണ് ദക്ഷിണാഫ്രിക്ക പ്രീ ക്വാർട്ടറിൽ എത്തുന്നത്. തിരിച്ചു വന്നു 3-2 ന്റെ ജയം ആണ് ആഫ്രിക്കൻ ടീം നേടിയത്. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ അരിയാന കരൂസോയുടെ പെനാൽട്ടി ഗോളിൽ ഇറ്റലി മത്സരത്തിൽ മുന്നിലെത്തി.
എന്നാൽ 32 മത്തെ മിനിറ്റിൽ ഒർസിയുടെ സെൽഫ് ഗോൾ ദക്ഷിണാഫ്രിക്കക്ക് തുണയായി. താരം നൽകിയ ബാക്ക് പാസ് ഗോൾ ആവുക ആയിരുന്നു. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ ഹിൽദ മഗയിയ മനോഹരമായ ഗോളിലൂടെ ആഫ്രിക്കൻ ടീമിന് മത്സരത്തിൽ മുൻതൂക്കം നൽകി. 74 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കരൂസോ മത്സരത്തിൽ ഇറ്റലിയെ വീണ്ടും ഒപ്പം എത്തിച്ചു. എന്നാൽ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ഹിൽദ മഗയിയയുടെ പാസിൽ നിന്നു ഗോൾ നേടിയ തെമ്പി ഗറ്റ്ലാന ദക്ഷിണാഫ്രിക്കക്ക് സ്വപ്നജയം സമ്മാനിച്ചു. പ്രീ ക്വാർട്ടറിൽ ശക്തരായ ഹോളണ്ട് ആണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.