മാഞ്ചസ്റ്റർ യുണൈറ്റഡ് റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ അവരുടെ ബിഡ് തുക ഉയർത്തിയിരുന്നു. അറ്റലാന്റ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ധാരണയിൽ എത്തുന്നതിന് അടുത്താണ്. പി എസ് ജിയും റാസ്മസിനായി ഇന്നലെ ബിഡ് ചെയ്തിരുന്നു. എന്നാൽ റാസ്മസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. വേറെ ഒരു ക്ലബിലും ഹൊയ്ലുണ്ടിന് താല്പര്യമില്ല. അതും അറ്റലാന്റ് താരത്തെ യുണൈറ്റഡിനു തന്നെ വിൽക്കുന്നതിന് കാരണമാകും.
ഹൊയ്ലുണ്ടുമായി കരാർ ധാരണയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം തന്നെ എത്തിയിട്ടുണ്ട്. റാസ്മസ് ഹൊയ്ലുണ്ട് 2028 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടായിരിക്കും.
മേസൺ മൗണ്ടിനെയും ഒനാനയെയും സൈൻ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പൂർണ്ണ ശ്രദ്ധ ഹൊയ്ലൊണ്ടിന്റെ ട്രാൻസ്ഫറിലാണ് നൽകിയിരിക്കുന്നത്. 85 മില്യണാണ് അറ്റലാന്റ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുണൈറ്റഡിന്റെ പുതിയ ബിഡ് ആയ 60 മില്യൺ അവർ സ്വീകരിക്കേണ്ടി വരും.
20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.
ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്.