ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്റർ മയാമിയുടെ പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് മേജർ ലീഗ് സോക്കർ (MLS) ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു. കാലിനേറ്റ പരുക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു ക്ലബ്ബിന്റെ മുൻ ക്യാപ്റ്റൻ. എന്നാൽ മെസ്സി എത്തിയതോടെ മെസ്സി ആകും ക്യാപ്റ്റൻ എന്ന് പരിശീലകൻ പറഞ്ഞു.
“കഴിഞ്ഞ ദിവസം അദ്ദേഹം ക്യാപ്റ്റൻ ആയിരുന്നു, അദ്ദേഹം എത്തിയാൽ, അദ്ദേഹം തന്നെ ആയിരിക്കും ക്യാപ്റ്റൻ.” ടാറ്റ മാർട്ടിനോ പറഞ്ഞു. ലീഗ് കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ നആളെ അറ്റ്ലാന്റ യുണൈറ്റഡിനെ നേരിടാൻ ഇരിക്കുകയാണ് ഇന്റർ മയാമി. മെസ്സി ആ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.
ജൂലൈ 21-ന്, ക്രൂസ് അസുലിനെതിരായ മത്സരത്തിൽ ലയണൽ മെസ്സി, ഇന്റർ മിയാമിക്കായി അരങ്ങേറ്റം നടത്തിയിരുന്നു. അന്ന് 54-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ അർജന്റീനിയൻ സൂപ്പർ താരം 94-ാം മിനിറ്റിൽ വിജയ ഗോളും നേടിയാണ് കളി അവസാനിപ്പിച്ചത്.