മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിവസവും മഴ കൊണ്ടു പോയതോടെ ഓസ്ട്രേലിയ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് മഴ കാരണം കളി സമനില ആയതായി സംയുക്തമായി പ്രഖ്യാപിച്ചു. ഇന്ന് ഒരു പന്ത് പോലും എറിയാൻ ആയില്ല. ഇന്നലെയും മഴ വില്ലനായിരുന്നു. 214/5 എന്ന നിലയിൽ പ്രതിരോധത്തിൽ ആയിരുന്ന ഓസ്ട്രേലിയക്ക് ഈ മഴ തുണയായെന്ന് പറയാം. അവർ ഒരു പരാജയത്തിലേക്ക് എന്നായിരുന്നു മൂന്നാം ദിനം സൂചന നൽകിയിരുന്നത്. എന്നാൽ രണ്ട് ദിവസം മഴ തിമിർത്തു പെയ്തതോടെ ഓസ്ട്രേലിയ രക്ഷപ്പെട്ടു.
111 റൺസ് എടുത്ത ലബുഷാനെ ആണ് ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിങ്സിൽ താരമായത്. 173 പന്തിൽ നിന്ന് 111 എടുത്ത താരം റൂട്ടിന്റെ പന്തിൽ ഇന്നലെ പുറത്തായിരുന്നു. 31 റണ്ണുമായി മിച്ചൽ മാർഷും 3 റൺസുമായി ഗ്രീനും ക്രീസിൽ നിൽക്കവെ ആണ് മഴ എത്തിയത്. 18 റൺസ് എടുത്ത കവാജ, 28 റൺസ് എടുത്ത വാർണർ, 17 റൺസ് എടുത്ത സ്മിത്ത്, 1 റൺ എടുത്ത ട്രാവിസ് ഹെഡ് എന്നിവർ മൂന്നാം ദിനം തന്നെ പുറത്തായിരുന്നു. റൂട്ടിനെ കൂടാതെ മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.
592 റൺസിനാണ് ഇംഗ്ലണ്ട് ഇന്നലെ ആദ്യ ഇന്നിങ്സിൽ ഓളൗട്ട് ആയത്. 275 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ട് നേടിയിരുന്നു. ഇതോടെ നാലു ടെസ്റ്റുകൾ പൂർത്തിയായപ്പോൾ പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുന്നിൽ തന്നെ നിൽക്കുകയാണ്.