ഫ്രഞ്ച് താരം കിലിയൻ എംബപ്പെക്ക് എതിരായ ക്ലബിന്റെ സമീപനത്തിൽ പ്രതിഷേധവും ആയി ഫ്രഞ്ച് ഫുട്‌ബോൾ താരങ്ങളുടെ യൂണിയൻ. എല്ലാ താരങ്ങളും സുരക്ഷിതമായ നല്ല ജോലി സ്ഥലവും പെരുമാറ്റവും അർഹിക്കുന്നു എന്നു പറഞ്ഞ അവർ എംബപ്പെക്ക് എതിരായ പി.എസ്.ജി സമീപനത്തെ വിമർശിച്ചു. താരത്തിന് എതിരെ കടുത്ത സമ്മർദ്ദം നൽകി താരത്തെ ടീമിൽ നിന്നു പറഞ്ഞു വിടാൻ ശ്രമിക്കുന്ന രീതി അനുവദിക്കാൻ ആവില്ല എന്നു പറഞ്ഞ അവർ ഇത് താരത്തിന് എതിരായ പീഡനം ആണ് എന്നും ആരോപിച്ചു.
ഫ്രഞ്ച് നിയമങ്ങൾ പ്രകാരം ഇത് നിയമവിരുദ്ധമാണ് എന്നും കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പെരുമാറുന്ന ക്ലബിന് എതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കും എന്ന മുന്നറിയിപ്പും യൂണിയൻ നൽകി. നിലവിൽ എംബപ്പെയെ വിൽക്കാൻ ഉറച്ചു നിൽക്കുക ആണ് പി.എസ്.ജി. അതേസമയം ഈ സീസണിൽ കൂടി ഫ്രഞ്ച് ക്ലബിൽ തുടർന്ന ശേഷം അടുത്ത സീസണിൽ സൗജന്യമായി റയൽ മാഡ്രിഡിൽ ചേരുക എന്നത് ആണ് എംബപ്പെയുടെ ഉദ്ദേശം എന്നാണ് പി.എസ്.ജി കരുതുന്നത്. നിലവിൽ താരത്തെ പ്രീ സീസൺ ടൂർ ടീമിൽ നിന്നു ഒഴിവാക്കിയ പി.എസ്.ജി താരത്തെ മറ്റ് ടീം അംഗങ്ങളും ആയി പരിശീലനത്തിൽ ഏർപ്പെടാനും അനുവദിക്കുന്നില്ല.