പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ മുന്നോട്ട് വന്നതോടെ ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ നറുക്കിൽ ഇന്ത്യ പോട്ട് 2വിൽ ഉണ്ടാകും എന്ന് ഉറപ്പായി. ഇന്ത്യ ഏഷ്യയിൽ 18ആം സ്ഥാനത്ത് നിൽക്കുന്നതിനാലാണ് പോട്ട് 2വിൽ ആകും എന്ന് ഉറപ്പായത്. ഇത് ഇന്ത്യയുയ്യെ ഫിഫ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്ക് സഹായകമാകും. 100ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ പുതിയ റാങ്കിംഗിൽ 99ആം സ്ഥാനത്തേക്ക് ആണ് എത്തിയത്.
ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫിലും നടത്തിയ മികച്ച പ്രകടനം ആണ് ഇന്ത്യക്ക് കരുത്താകുന്നത്. ഇന്ത്യ 1208 പോയിന്റിൽ എത്തി. കഴിഞ്ഞ റാങ്കിംഗിൽ ഇന്ത്യക്ക് 1204 പോയിന്റായിരുന്നു ഉണ്ടായിരുന്നത്.
ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയിരുന്നു. അതിനു പിറകെ സാഫ് കപ്പിലും കിരീടം നേടിയിരുന്നു. അവസാന കുറച്ച് കാലമായി ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവെക്കുന്നത്. പുതിയ ഫിഫ റാങ്കിംഗിലും ലോക ചാമ്പ്യന്മാരായ അർജന്റീന ആണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസ് രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാം സ്ഥാനത്തും തുടരും.