കെയിൽ വാൽക്കർ ബയേണിലേക്ക് ചേക്കേറുമെന്ന് ഏതാണ്ട് ഉറപ്പായതിന് പിറകെ പകരക്കാരനെ എത്തിക്കാനുള്ള സിറ്റിയുടെ നീക്കങ്ങളും മുന്നോട്ട്. ബയേണിൽ നിന്നു തന്നെ ഒരു റൈറ്റ് ബാക്കിനെ എത്തിക്കാൻ ആണ് നിലവിൽ നീക്കം. ബെഞ്ചമിൻ പവാർഡിനെയാണ് ആണ് സിറ്റിയുടെ നോട്ടമിട്ടു കഴിഞ്ഞതെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ വാക്കറിന്റെ കൈമാറ്റത്തിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന ടീമുകൾ പവാർഡിന്റെ കാര്യത്തിലും ഉടൻ ധാരണയിൽ എത്തും.
നിലവിൽ രണ്ടു വർഷത്തെ കരാറിൽ ആണ് വാക്കർ ബയേണുമായി ധാരണയിൽ എതിയതെന്നാണ് സൂചന. അതേ സമയം ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ തീരുമാനം ആവാത്തതിനാൽ ഒരു പക്ഷെ ഇരു താരങ്ങളെയും വെച്ചു മാറുന്നതും ടീമുകൾ പരിഗണിച്ചേക്കും. 15 മില്യൺ യൂറോയും ആഡ് ഓണുകളുമാണ് വാക്കറിന് വേണ്ടി ബയേൺ നൽകാൻ ഒരുങ്ങുന്നതെന്ന് ഫ്ലോറിയൻ പ്ലെട്ടെൻബെർഗ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പവാർഡിന്റെ പേര് കടന്ന് വരുന്നത്. അത് കൊണ്ട് തന്നെ സ്വാപ്പ് ഡീൽ അക്കടമുള്ള സാധ്യതകൾ ടീമുകൾ പരിഗണിക്കുമോ എന്ന് വരുന്ന ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. വാക്കറിനെ പോലെ റൈറ്റ് ബാക്ക് സ്ഥാനത്ത് ആക്രമണത്തിലും സഹായങ്ങൾ ചെയ്യാൻ സാധിക്കുന്ന മതിയായ അനുഭവസമ്പത്തുള്ള ഫ്രഞ്ച് താരം സിറ്റിക്ക് വലിയൊരു മുതൽ കൂട്ടാവും. നേരത്തെ തന്നെ ടീം വിട്ടേക്കുമന്ന അഭ്യൂഹങ്ങൾ പവാർഡിനെ ചുറ്റിപറ്റി ഉണ്ടായിരുന്നു. ടീം മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ ആയിരുന്നു കാരണം. സെന്റർ ബാക്ക് സ്ഥാനത്തും താരം കളിക്കും എന്നതിനാൽ പെപ്പിന്റെ പുതിയ ശൈലിക്കും ഇണങ്ങിയ താരം ആവും പവാർഡ്.