മുൻ കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനെ ഇന്ത്യൻ അണ്ടർ 16 ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി 2023 ജൂലൈ 13 വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ഇഷ്ഫാഖിന്റെ നിയമനം ഔദ്യോഗികമാക്കിയത്.
ഐ എം വിജയന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം ചേർന്നത്. കമ്മറ്റി അംഗങ്ങളായ ശ്രീമതി പിങ്കി ബോംപാൽ മഗർ, ക്ലൈമാക്സ് ലോറൻസ്, അരുൺ മൽഹോത്ര, ഹർജീന്ദർ സിംഗ്, യൂജിൻസൺ ലിങ്ദോ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ സ്ഥാനാർത്ഥികളിൽ നിന്നുള്ള അപേക്ഷകൾ സൂക്ഷ്മമായി ചർച്ച ചെയ്ത ശേഷം, മുൻ ഇന്ത്യൻ താരം കൂടിയായ ഇഷ്ഫാഖ് അഹമ്മദിനെ ഇന്ത്യൻ അണ്ടർ 16 ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കാൻ കമ്മിറ്റി ഏകകണ്ഠമായി ശുപാർശ ചെയ്തു.
അണ്ടർ 16 ദേശീയ ടീമിൽ രാജൻ മണിയെയും ഫിറോസ് ഷെരീഫിനെയും യഥാക്രമം അസിസ്റ്റന്റ് കോച്ചും ഗോൾകീപ്പർ കോച്ചുമായി നിയമിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.
“ഇന്ത്യ അണ്ടർ 16 ദേശീയ ടീമിന് ഇതൊരു പുതിയ തുടക്കമാണ്” എന്ന് യോഗത്തിന് ശേഷം കമ്മിറ്റി ചെയർമാൻ ശ്രീ വിജയൻ പറഞ്ഞു. സെപ്തംബർ 1 മുതൽ 11 വരെ ഭൂട്ടാനിൽ നടക്കുന്ന SAFF U-16 ചാമ്പ്യൻഷിപ്പ് ആകും ഇഷ്ഫാഖിന്റെ ആദ്യ ദൗത്യം.