കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മലയാളി പരിശീലകനായ ടി.ജി. പുരുഷോത്തമനെ സീനിയർ ടീമിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. 2026 വരെ നീണ്ടു നിൽക്കുന്ന 3 വർഷത്തെ കരാറിൽ അദ്ദേഹം ഒപ്പുവെച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് സിസ്റ്റത്തിനൊപ്പം ആയിരുന്നു കഴിഞ്ഞ വർഷം ടി ജി പുരുഷോത്തമൻ പ്രവർത്തിച്ചത്.
അസിസ്റ്റന്റ് കോച്ച് എന്ന നിലയിൽ പുരുഷോത്തമൻ ആദ്യ ടീമിന്റെ ഹെഡ് കോച്ചും കളിക്കാരുമായും അടുത്ത് പ്രവർത്തിക്കും. ടീമിന്റെ തുടർച്ചയായ വളർച്ചയും വിജയവും ഉറപ്പാക്കുന്നതിന് സുപ്രധാന പിന്തുണയും മാർഗനിർദേശവും നൽകും. കൂടാതെ, റിസർവ് ടീമിനും ഫസ്റ്റ് ടീമിനും ഇടയിലുള്ള ഒരു ലിങ്കായി അദ്ദേഹൻ പ്രവർത്തിക്കും എന്നും ക്ലബ് പറയുന്നു. അദ്ദേഹം യൂത്ത് സിസ്റ്റത്തിനുള്ളിൽ തന്റെ നിലവിലുള്ള ഉത്തരവാദിത്തങ്ങൾ നിലനിർത്തും എന്നും ക്ലബ് അറിയിച്ചു.
“ടിജിയെ ഫസ്റ്റ് ടീം കോച്ചിംഗ് സ്റ്റാഫിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ നിലവിലെ പല ഫസ്റ്റ് ടീം പ്ലെയർ വികസനത്തിൽ പ്രധാന പങ്കുവഹിച്ച പരിശീലകനാണ് അദ്ദേഹം. ഒരു ക്ലബ് എന്ന നിലയിൽ, ഇത്രയും വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന ആളുകൾ ഞങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.” – കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.
എ എഫ് സി എ ലൈസൻസുള്ള ടി ജി പുരുഷോത്തമൻ 2021ൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് വരെ എഫ് സി കേരളയ്ക്ക് ഒപ്പം ആയിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ഗോൾ കീപ്പർ ആണ് പുരുഷോത്തമൻ.