ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്ക ഉണ്ടാകും. ഇന്ന് നിർണായക മത്സരത്തിൽ സിംബാബ്വെയെ തോൽപ്പിച്ചതിനു പിന്നാലെയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. സൂപ്പർ സിക്സിലെ പോരാട്ടത്തിൽ സിംബാബ്വെയെ 9 വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ഇന്ന് ആദ്യ ബാറ്റു ചെയ്ത സിംബാബ്വെയെ 165 റൺസിന് എറിഞ്ഞിടാൻ ശ്രീലങ്കയ്ക്ക് ആയി. 56 റൺസ് എടുത്ത ഷോൺ വില്യംസും 31 റൺസ് എടുത്ത റാസയും മാത്രമാണ് സിംബാബ്വെ ബാറ്റിംഗിൽ താളം കണ്ടെത്തിയത്.
ശ്രീലങ്കയ്ക്ക് ആയി തീക്ഷണ നാലു വിക്കറ്റും മധുശങ്ക മൂന്ന് വിക്കറ്റും പതിരന രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക അനായാസം ലക്ഷ്യത്തിൽ എത്തി. 33 ഓവറിലേക്ക് അവർ ലക്ഷ്യത്തിൽ എത്തി. 101 റൺസ് എടുത്ത് പുറത്താകാതെ നിന്ന നിസ്സങ്ക കാര്യങ്ങൾ എളുപ്പമാക്കി. 14 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു നിസങ്കയുടെ ഇന്നിങ്സ്. 30 റൺസ് എടുത്ത കരുണരത്നയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 31 റൺസ് എടുത്ത് കുശാൽ മെൻഡിസ് പുറത്താകാതെ നിന്നു.
ഈ വിജയത്തോടെ ഒരു മത്സരം നാക്കി നിൽക്കെ തന്നെ ശ്രീലങ്ക ലോകകപ്പ് യോഗ്യത നേടി. സിംബാബ്വെക്ക് അവസാന മത്സരങ്ങൾ സ്കോട്ലൻഡിനെ പരാജയപ്പെടുത്തിയാൽ ലോകകപ്പ് യോഗ്യത സാധ്യതയുണ്ട്