കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദ് ക്ലബ് വിടും എന്ന് സൂചനകൾ. സഹലിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചതായി പല റിപ്പോർട്ടുകളും വരുന്നു. സഹലിനായി നാലോളം ഐ എസ് എൽ ക്ലബുകൾ രംഗത്ത് ഉണ്ട്. ഇതിൽ മോഹൻ ബഗാൻ സഹലിനായുള്ള ശ്രമങ്ങളിൽ ഏറെ മുന്നിലുമാണ്. കേരള ബ്ലാസ്റ്റേഴ്സ് അവസാനം പോസ്റ്റു ചെയ്ത സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും ഇപ്പോൾ വലിയ ചർച്ച ആവുകയാണ്. സാഫ് കപ്പിനെ കുറിച്ച് ബ്ലാസ്റ്റേഴ്സ് പോസ്റ്റു ചെയ്ത അവസാന പോസ്റ്ററുകളിൽ ഒന്നും സഹൽ ഇല്ല.
https://twitter.com/KeralaBlasters/status/1674763735116795905?t=qV0Nln4D7nf0J3k7PAokWw&s=19
കേരള ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ ടീമിലെ മറ്റൊരു പ്രതിനിധി ആയ ജീക്സൺ ആണ് പോസ്റ്ററുകളിൽ ഉള്ളത്. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. സഹൽ എവിടെയാണെന്നും സഹലിനെ വിൽക്കരുതെന്നും സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ഈ പോസ്റ്റുകൾക്ക് അടിയിൽ ചോദിക്കുന്നു. സഹൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമാണ്.
സഹലിനായി മോഹൻ ബഗാനും മുംബൈ സിറ്റിയും ഔദ്യോഗികമായി ഓഫർ സമർപ്പിച്ചിട്ടുണ്ട്. മൂന്ന് കോടി എങ്കിലും ട്രാൻസ്ഫർ തുക ലഭിച്ചാൽ സഹലിനെ ബ്ലാസ്റ്റേഴ്സ് വിൽക്കും. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.
26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.