സാഫ് കപ്പിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നേപ്പാളിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. സുനിൽ ഛേത്രി തന്നെ ഇന്നും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. ഛേത്രിയും മഹേഷും ആണ് ഇന്ന് ഗോളുകൾ നേടിയത്.
ഇന്ന് ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ട് ടീമുകൾക്കും ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയിരുന്നില്ല. ഇന്ത്യ ആയിരുന്നു കൂടുതൽ പന്ത് കൈവശം വെച്ചത് എങ്കിലും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ കൂടുതൽ വന്നത് നേപ്പാളിന്റെ അറ്റാക്കിന്റെ മുന്നിൽ ആയിരുന്നു.
ഇന്ത്യയുടെ കൂടുതൽ അറ്റാക്കുകളിലും സഹലൈന്റെ വലിയ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സഹലിനു മുന്നിൽ രണ്ട് നല്ല അവസരങ്ങൾ വന്നു എകിലും താരത്തിന് രണ്ട് അവസരങ്ങളിൽ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. ആദ്യ മത്സരത്തിൽ എന്ന പോലെ മഴ ഇന്ത്യയുടെ നീക്കങ്ങളെ ബാധിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യ നേപ്പാളിനെ പ്രതിരോധത്തിൽ ആക്കി. 61ആം മിനുട്ടിൽ ഇന്ത്യയുടെ ആദ്യ ഗോൾ വന്നു. പതിവു പോലെ ക്യാപ്റ്റൻ ഛേത്രിയുടെ ബൂട്ടുകൾ തന്നെ ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി. മഹേഷിന്റെ പാസിൽ നിന്ന് അനായാസ ഫിനിഷിലൂടെ ആണ് ഛേത്രി തന്റെ ഗോൾ കണ്ടെത്തിയത്. ഛേത്രിയുടെ കരിയറിലെ 91ആം അന്താരാഷ്ട്ര ഗോളായിരിന്നു ഇത്.
പിന്നാലെ 70ആം മിനുട്ടിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. സഹൽ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഛേത്രിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയപ്പോൾ മഹേഷ് ആ പന്ത് തട്ടി വലയിലേക്ക് ആക്കുകയായുരുന്നു. സ്കോർ 2-0.
ഈ വിജയത്തോടെ ഇന്ത്യ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തി. ഗ്രൂപ്പ് എയിൽ കുവൈറ്റിനും 6 പോയിന്റ് ഉണ്ട്. രണ്ട് ടീമുകളും സെമി ഫൈനൽ ഉറപ്പിച്ചു എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാർ ആരെന്ന് അറിയാനുള്ള പോരാട്ടത്തിൽ ഇരുടീമുകളും അടുത്ത മത്സരത്തിൽ നേർക്കുനേർ വരും.