യുറോപ്പിലെ വമ്പൻ ലീഗുകളിൽ നിന്നും മുൻനിര താരങ്ങളെ എത്തിക്കാനുള്ള സൗദി ക്ലബുകളുടെ നീക്കം തുടരുന്നു. അത്ലറ്റികോ മാഡ്രിഡ് താരം സൗൾ നിഗ്വെസിന് വേണ്ടി അൽ നാസർ ശ്രമങ്ങൾ നടത്തുന്നതായി സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്തു. അത്ലറ്റികോ മാഡ്രിഡിനും കൈമാറ്റത്തിന് തടസ്സമില്ല എന്നാണ് സൂചന. വ്യക്തിപരമായ കരാർ ക്ലബ്ബ് താരത്തിന് മുന്നിൽ സമർപ്പിച്ചു കഴിഞ്ഞു. താരത്തിന്റെ സമ്മതം കിട്ടുന്നതോടെ കൂടുതൽ ചർച്ചകളിലേക്ക് ടീമുകൾ കടക്കും.
നിലവിൽ 2026 വരെയാണ് സൗളിന് അത്ലറ്റികോ മാഡ്രിഡിൽ കരാർ ബാക്കിയുള്ളത്. ടീമിലെ ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന സീനിയർ താരത്തെ വിട്ടു കൊടുക്കാൻ ടീം സമ്മതം മൂളും. ഫിനാൻഷ്യൽ ഫെയർപ്ലേ പ്രകാരവും ടീമിന് പുതിയ താരങ്ങളെ എത്തിക്കാൻ നിലവിലുള്ള പലരെയും ഒഴിവാക്കേണ്ടതായുണ്ട്. കൈമാറ്റ തുകയും നേടിയെടുക്കാൻ സാധിച്ചാൽ അത് അത്ലറ്റികോക്ക് വലിയ നേട്ടമാകും. എന്നാൽ താരത്തിന്റെ കരാർ ഒഴിവാക്കി ഫ്രീ ഏജന്റ് ആയി വിട്ടുകൊടുക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. നിലവിൽ ഹക്കീം സിയച്ചിനെ എത്തിക്കാനുള്ള നീക്കത്തിന്റെ അവസാന ഘട്ടത്തിൽ ആണ് അൽ നാസർ എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ശേഷമാകും സൗദി ക്ലബ്ബ് സൗളിന്റെ കൈമാറ്റത്തിലേക്ക് തിരിയുന്നത്
Download the Fanport app now!