മുന്നേറ്റ താരം ഹോസെലുവിനെ ടീമിൽ എത്തിച്ചതായി റയൽ മാഡ്രിഡിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. മുപ്പതിമൂന്നുകാരനായ താരത്തെ ഒരു വർഷത്തെ ലോണിൽ ആണ് എസ്പാന്യോളിൽ നിന്നും കൊണ്ട് വരുന്നത്. തങ്ങളുടെ മുൻ താരത്തെ സീസണിന് ശേഷം സ്വന്തമാക്കാനുള്ള സാധ്യതയും ലോണിൽ ചേർത്തിട്ടുണ്ട്. ടീം വിട്ട മരിയാനോയുടെ സ്ഥാനത്തേക്ക് പകരക്കാരൻ സ്ട്രൈക്കർ റോളിലേക്ക് കണ്ടു കൊണ്ടാണ് ഹോസെലുവിനെ റയൽ എത്തിക്കുന്നത്.
ഇരുപതാം വയസിൽ മാഡ്രിഡ് ബി ടീമിൽ എത്തിയ ഹോസെലു സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു.
പിന്നീട് നിരവധി ക്ലബ്ബുകൾ മാറിയ ശേഷം കഴിഞ്ഞ സീസണിൽ എസ്പാന്യോളിൽ എത്തി. ടീം ലാ ലീഗയിൽ നിന്നും റെലെഗേറ്റ് ആയെങ്കിലും 16 ഗോളുകൾ ലീഗിൽ ടീമിന് വേണ്ടി നേടാൻ താരത്തിന് സാധിച്ചു. റയൽ ആഗ്രഹിക്കുന്ന ഗോൾ സ്കോറിങ്ങിലെ കഴിവ് അടുത്തിടെ സ്പാനിഷ് ദേശിയ ടീമിലും താരം പുറത്തെടുത്തു. സ്പെയിനിനൊപ്പം നാഷൻസ് ലീഗ് നേടി എത്തുന്ന താരത്തിനെ റയൽ ജേഴ്സിയിൽ ചൊവ്വാഴ്ച ആരാധകർക്ക് മുൻപിൽ അവതരിപ്പിക്കുമെന്ന് റയൽ വെബ് സൈറ്റിലൂടെ അറിയിച്ചു. അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് തുടരുകയാണ്. ഇനി മുൻ നിര സ്ട്രൈക്കറെ കൂടി അവർ എത്തിച്ചേക്കും.
Download the Fanport app now!