ചെൽസിയുടെ ഷോട്ട്-സ്റ്റോപ്പർ എഡ്വാർഡ് മെൻഡിയും സൗദിയിലേക്ക്. സൗദി ക്ലബായ അൽ അഹ്ലി ആകും മെൻഡിയെ സ്വന്തമാക്കാൻ പോകുന്നത്. 2026വരെയുള്ള കരാർ മെൻഡിക്ക് മുന്നിൽ അൽ അഹ്ലി വെച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിനോട് വിടപറയും എന്ന് മെൻഡി നേരത്തെ തന്നെ പറഞ്ഞിരുന്നു. ചെൽസിയിൽ താരത്തിന് ഇനി ഭാവിയില്ല എന്നാണ് ക്ലബും കരുതുന്നത്. പുതിയ മാനേജറായ പോചടീനോയും മെൻഡിയെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. സെലക്ഷനിൽ കെപയുടെ പിറകിലായ മെൻഡിക്ക് ആയി ചില ഫ്രഞ്ച് ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു.
ചെൽസിയിൽ നിന്ന് നാലു താരങ്ങളിൽ അധികം ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദിയിലേക്ക് എത്തും. കാന്റെ, സിയെച്, കൂലിബലി എന്നിവരും സൗദിയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം മെൻഡി , പ്രശസ്ത കായിക ഏജൻസിയായ ലിയാൻ സ്പോർട്സുമായി ഒപ്പുവച്ചിരുന്നു. പ്രഗത്ഭ ഫുട്ബോൾ ഏജന്റായ ഫാലി റമദാനി ആണ് ഇപ്പോൾ മെൻഡിയുടെ ഏജന്റ്. ചെൽസിയിൽ ചേർന്നതിന് ശേഷമുള്ള ആദ്യ സീസണിൽ മെൻഡിയുടെ മികച്ച പ്രകടനങ്ങൾ കാണാൻ ആയിരുന്നു എങ്കിലും അവസാന രണ്ടു സീസണുകൾ സംഭവിച്ച പല കാര്യങ്ങളും താരത്തെ ക്ലബിൽ നിന്ന് അകറ്റുക ആയിരുന്നു. അടുത്ത സീസണിൽ യുവ ഗോൾകീപ്പർ സൊൽനിന കൂടെ ചെൽസിയിൽ ഉണ്ടാകും എന്നതിനാൽ അവർക്ക് മെൻഡി പോയാലും പകരക്കാരെ സൈൻ ചെയ്യേണ്ടി വരില്ല. കെപ ആകും പോചടീനോയുടെ കീഴിൽ നമ്പർ 1 ആവുക.